ചികിത്സയും മാറ്റിവെക്കണം
text_fieldsകൊച്ചി: ധനപ്രതിസന്ധി കാരണം ജനം ചികിത്സയും മാറ്റിവെക്കുന്നു? എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഒരാഴ്ചയായി വൻ ഇടിവാണ് സംഭവിച്ചത്. സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ, ചെലവേറിയ പരിശോധന എന്നിവ നേർപകുതിയായി കുറഞ്ഞിട്ടുമുണ്ട്.
അസാധു നോട്ടുകൾ സ്വീകരിക്കാനോ മറ്റുമാർഗേണ പണം സ്വീകരിക്കാനോ മിക്ക ആശുപത്രികളിലും ക്രമീകരണമൊന്നും ഏർപ്പെടുത്തിയിട്ടില്ല. ചില ആശുപത്രികൾ മാത്രം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നുണ്ട്.
നോട്ട് ക്ഷാമത്തിെൻറപേരിൽ ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിച്ചത് സ്വകാര്യ ആശുപത്രികളിലെ രോഗികളായിരുന്നു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കാവുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ സർക്കാർ ആശുപത്രികളെ മാത്രമാണ് ഉൾപ്പെടുത്തിയത്. അതോടെ, നവംബർ ഒമ്പതുമുതൽ സ്വകാര്യ ആശുപത്രികൾ ഈ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തുകയും അറിയിപ്പ് പതിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റായ രോഗികളും വിദൂര പ്രദേശങ്ങളിൽനിന്ന് പരിശോധനക്ക് എത്തിയവരുമാണ് ഇതോടെ വെട്ടിലായത്.
എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രി അവിടെ അഡ്മിറ്റായ രോഗികൾക്ക് മാത്രം, പണം പിന്നെ നൽകാമെന്ന വ്യവസ്ഥയിൽ സ്കാനിങ്ങും രക്തപരിശോധനയും മറ്റും അനുവദിച്ചിരുന്നു. ഒ.പി വിഭാഗത്തിൽ എത്തിയ രോഗികളിൽ 500, 1000 രൂപ നോട്ടുകൾ മാത്രം കൈവശമുണ്ടായിരുന്നവരെ തിരിച്ചയക്കുകയും ചെയ്തു.
പല പ്രമുഖ ആശുപത്രികളോട് ചേർന്നും ബാങ്ക് ശാഖകളും ആശുപത്രികളിൽതന്നെ എ.ടി.എം കൗണ്ടറുകളുമുണ്ട്. അസാധു നോട്ടുമായി എത്തുന്നവരോട് അവിടെപ്പോയി മാറിവരാനാണ് നിർദേശം.
എന്നാൽ, പല എ.ടി.എമ്മുകളും പ്രവർത്തിക്കുന്നുമില്ല. നോട്ടുമാറ്റത്തിനും എ.ടി.എമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകക്കും നിയന്ത്രണമേർപ്പെടുത്തിയതോടെ അകലെനിന്ന് എത്തി ആശുപത്രിയിൽ കിടക്കുന്നവർക്ക് വിദഗ്ധ പരിശോധന അസാധ്യമാവുകയും ചെയ്തു. ചെലവേറിയ ശസ്ത്രക്രിയകൾ, പരിശോധനകൾ തുടങ്ങിയവയാണ് പലരും നീട്ടിവെക്കുന്നത്.
ഒരാഴ്ചയായി രോഗികളുടെ വരവിൽ വൻ ഇടിവുണ്ടായെന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയുടെ പി.ആർ.ഒ സമ്മതിക്കുന്നു. ചിലർ ശസ്ത്രക്രിയ മാറ്റിവെക്കുന്നതിന് ഡോക്ടർമാരുടെ ഉപദേശം തേടി എത്തുന്നുമുണ്ട്.
ചില ആശുപത്രികൾ വലിയ ശസ്ത്രക്രിയക്ക് പണം ഡി.ഡിയായി എത്തിച്ചാൽ പരിഗണിക്കാമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെക്കുന്നത്. ചെക്ക് സ്വീകരിക്കുന്നില്ല.
ഡോക്ടറുടെ കത്തിെൻറ അടിസ്ഥാനത്തിൽ അത്യാവശ്യ ശസ്ത്രക്രിയകൾക്കും പരിശോധനകൾക്കും ആവശ്യമായ തുക പിൻവലിക്കാനോ മാറിയെടുക്കാനോ സൗകര്യമേർപ്പെടുത്തണമെന്ന ആവശ്യവും ആരോഗ്യമേഖലയിൽനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.