തലയിൽ വീഴാതെ വൻമരം; അമ്പരപ്പ് മാറാതെ അരവിന്ദൻ
text_fieldsകൊച്ചി: വലിയൊരു അപകടത്തിൽനിന്ന് തലനാരിഴക്കെന്ന പോലെ രക്ഷപ്പെട്ടതിെൻറ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല, ഇടപ്പള്ളി ബാലകൃഷ്ണമേനോൻ റോഡിൽ താമസിക്കുന്ന അരവിന്ദന്. സ്കൂട്ടർ ഒാടിക്കുേമ്പാൾ റോഡരികിലെ വന്മരം ഭീകരശബ്ദത്തോടെ കടപുഴകുകയായിരുന്നു. വാഹനത്തിനു വലിയ തകരാർ സംഭവിെച്ചങ്കിലും ചുമലിലും കാലിലുമുള്ള പരിക്കുകളൊഴിച്ച് കാര്യമായൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇദ്ദേഹം. ഹെൽമറ്റ് വെച്ചതും ഗുണമായി. പാലാരിവട്ടം-കാക്കനാട് റൂട്ടിൽ പാലാരിവട്ടം സിഗ്നലിനു തൊട്ടുമുമ്പായി പൈപ്പ് ലൈൻ റോഡിനടുത്തുവെച്ച് 12ഓടെയാണ് അപകടം.
ഇടപ്പള്ളിയിലെ വീട്ടിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് ജോലി സംബന്ധമായ ആവശ്യത്തിനായി സ്കൂട്ടറിൽ പോകുേമ്പാഴായിരുന്നു അപകടം. റോഡിനു കുറുകെ വീണ മരത്തിെൻറ ചില്ലകൾ വണ്ടിയിലും ദേഹത്തും വന്നു പതിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലായില്ലെന്ന് അദ്ദേഹം പറയുന്നു. ജങ്ഷനിലെ സിഗ്നലിൽ ചുവപ്പു തെളിഞ്ഞതിനാൽ ഈ സമയത്ത് വാഹനങ്ങൾ കുറവായിരുന്നു, അതിനാൽതന്നെ മറ്റാരും അപകടത്തിൽപെട്ടില്ല. ഉടൻ സ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസും നാട്ടുകാരുമെത്തി ഇദ്ദേഹത്തെ വീണുകിടക്കുന്ന മരത്തിനിടയിൽനിന്ന് പുറത്തെടുത്തു ബൈപാസിെല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മരത്തിനു പിന്നാലെ ട്രാൻസ്ഫോർമറും മറിഞ്ഞുവീണു. സംഭവത്തെ തുടർന്ന് ഒന്നരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതതടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. പൊലീസ് വാഹനങ്ങളെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. ഗാന്ധിനഗർ അഗ്നിരക്ഷാ നിലത്തിലെ സീനിയർ ഫയർ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഫയർ ഓഫിസർമാരായ രാംരാജ്, വിശാഖ്, ആനന്ദ് രവി, ഹോംഗാർഡ് മണിക്കുട്ടൻ, ഫയർമാൻ ഡ്രൈവർ ജനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.