ഏറുമാടത്തിലെ ക്വാറൻറീൻ കഴിഞ്ഞു; ഗഫൂർ വീണ്ടും ജോലിക്ക്
text_fieldsകൽപറ്റ: ആരോഗ്യ വകുപ്പിലെ നഴ്സിങ് അസിസ്റ്റൻറ് ടി. അബ്ദുൽ ഗഫൂർ കോവിഡ് ആശുപത്രിയിലെ ജോലിക്ക് ശേഷം 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞത് സ്വന്തം പറമ്പിൽ കെട്ടിയ ഏറുമാടത്തിൽ. വയനാട്ടിൽ കണിയാമ്പറ്റയിലെ മില്ലുമുക്ക് എര്യത്തങ്ങാട് കുന്നിലെ ക്വാറൻറീൻ വാസത്തിനു ശേഷം പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ അദ്ദേഹം തിങ്കളാഴ്ച ജോലിക്കെത്തി.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ദിവസങ്ങളോളം കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ സ്വന്തം നാട്ടിലെ സുഹൃത്തുക്കളാണ് 'ഏറുമാടം' എന്ന ആശയം പറഞ്ഞത്. ആരോഗ്യ വകുപ്പ് ഇേപ്പാൾ ക്വാറൻറീൻ സൗകര്യം നൽകുന്നില്ല. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവർ എവിടെ പോകണമെന്ന് അറിയാതെ പ്രയാസപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. കുട്ടികളും വയോധികരും വീട്ടിലുള്ള ആരോഗ്യപ്രവർത്തകരിൽ പലരും താമസത്തിന് കഷ്ടപ്പെടുകയാണ്. സർക്കാർ നൽകുന്ന അവധിയിൽ ബന്ധു വീടുകളിൽ പോകുേമ്പാൾ ബുദ്ധിമുട്ടുകൾ ഏറെ. കോവിഡ് രോഗികളെപ്പോലെ ആരോഗ്യ പ്രവർത്തകർക്ക് അകലം കൽപിക്കുന്നവരും ഉണ്ട്.
അയൽവാസികളായ പി.സി. അഷ്റഫ്, കാപ്പിൽ അന്തോണി, ലാലു, മാനു, ഷിറാസ്, അസ്കർ, നിജാസ് എന്നിവർ ഗഫൂറിന് പിന്തുണ നൽകി. കമുകിൽ കെട്ടിയ ഏറുമാടത്തിൽ പിന്നെ താമസം. വീട്ടിലെ വാട്ടർ ടാങ്കിൽനിന്ന് പൈപ്പിട്ട് വെള്ളം എത്തിച്ചു. വിറകും പാത്രങ്ങളും എത്തി. ഭക്ഷണം സ്വയം തയാറാക്കി.
കണിയാമ്പറ്റ സ്വദേശിയായ ഇദ്ദേഹം 12 വർഷമായി കണ്ണൂർ ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇനിയും വന്നാൽ ഇതിനേക്കാൾ സൗകര്യം ചെയ്തുകൊടുക്കുമെന്ന് പി.സി. അഷ്റഫ് പറഞ്ഞു. ഒരു മടുപ്പും ഇല്ലാതെയാണ് ക്വാറൻറീൻ പൂർത്തിയാക്കിയതെന്നും ഇത് പലർക്കും പരീക്ഷിക്കാവുന്നതാണെന്നും ഗഫൂർ. ഭാര്യ സിഫാനത്ത് കാസർകോട് ജൂനിയർ പബ്ലിക് ഹെൽത് നഴ്സാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.