മരംകൊള്ള: ഹൈകോടതി വിമർശനത്തിനിടയിലും ഉത്തരവാദികൾക്ക് രാഷ്ട്രീയ സംരക്ഷണം
text_fieldsതിരുവനന്തപുരം: വിവാദ മരംമുറിയിൽ സർക്കാറിനെതിരെ ഹൈകോടതിയിൽനിന്ന് തുടർച്ചയായി വിമർശനമുയരുേമ്പാഴും ഉത്തരവിന് കാരണക്കാരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തെ സംരക്ഷിച്ച് റവന്യൂ വകുപ്പ്. റവന്യൂ വകുപ്പിെൻറ പൂർണ അധികാരമുള്ള റവന്യൂ പട്ടയ ഭൂമിയിലാണ് കൊള്ള അരങ്ങേറിയത്. മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെൻറ നിർദേശ പ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കെ. ജയതിലക് പുറത്തിറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് കോടികളുടെ തേക്കും ഇൗട്ടിയും മുറിച്ചു കടത്തിയത്. എന്നാൽ, വയനാട് ജില്ലയിലടക്കം താഴെ തട്ടിലെ വിേല്ലജ് ഒാഫിസർമാർ അടക്കമുള്ളവർക്കെതിരായ ചില നടപടികളൊഴിച്ചാൽ അന്വേഷണം മുൻ മന്ത്രിയിലേക്കും ഉയർന്ന റവന്യൂ ഉേദ്യാഗസ്ഥരിലേക്കും വരാതെ നിൽക്കുകയാണ്. മുഖ്യപ്രതികൾ ഭരണപക്ഷവുമായി അടുത്ത് ബന്ധമുള്ള മാധ്യമ സ്ഥാപന ഉടമയുടെ ബിസിനസ് പങ്കാളികളാണ്. അവരെ പിടിക്കാൻ പ്രത്യേക അന്വേഷണസംഘവും മുതിർന്നിട്ടില്ല.
നിയമവും ചട്ടവും മറികടന്ന് പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ ഉത്തരവിറക്കിയ സർക്കാർ നടപടി അലോസരപ്പെടുത്തുന്നെന്നാണ് ഹൈകോടതി തിങ്കളാഴ്ച കുറ്റപ്പെടുത്തിയത്. ഇന്നലെ ഒരുപടി കടന്ന് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കുറ്റപ്പെടുത്തി.
1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ അനുമതിയില്ലാത്ത മരങ്ങൾ മുറിച്ചത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കഴിഞ്ഞ ഒക്ടോബർ 24 ലെ ഉത്തരവ് പ്രകാരവും മുൻ മന്ത്രി ഇ. ചന്ദ്രശേഖരെൻറ നിർദേശ പ്രകാരവുമായിരുന്നെന്ന് തെളിഞ്ഞതാണ്. എന്നാൽ, റവന്യൂ സെക്രട്ടറിയെ നിലനിർത്തിയാണ് അന്വേഷണം നടക്കുന്നത്. കൂടാതെ, വനം വകുപ്പ് സി.പി.െഎ വിട്ടുകൊടുത്തശേഷം വനം ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നതെന്ന ആക്ഷേപം വനം വകുപ്പിലുണ്ട്.
മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ മരം ഉൾപ്പെടെ വനം വകുപ്പ് പിടിച്ചെടുത്തു. എന്നാൽ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നടക്കം റവന്യൂഭൂമിയിൽനിന്ന് മുറിച്ച മരങ്ങളെ സംബന്ധിച്ച റവന്യൂ രേഖകൾ മുഴുവൻ നശിപ്പിച്ചു. ഇതര സംസ്ഥാനത്തേക്ക് കടത്തിയ മരങ്ങളിലേക്കും അന്വേഷണം നീങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.