മുട്ടിൽ വീട്ടിമരം കൊള്ള: പിഴ ഈടാക്കേണ്ടത് കലക്ടറിൽ നിന്നും റവന്യൂ സെക്രട്ടറിയിൽ നിന്നുമെന്ന് പ്രകൃതി സംരക്ഷണ സമിതി
text_fieldsകോഴിക്കോട്: മുട്ടിൽ വീട്ടിമരം കൊള്ളയിൽ പിഴ ഈടാക്കേണ്ടത് കലക്ടറിൽ നിന്നും റവന്യൂ സെക്രട്ടറിയിൽ നിന്നുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. മരം കൊള്ളയുടെ ഉത്തരവാദിത്തം ആദിവാസികൾ അടക്കമുള്ള കർഷകർഷകരുടെ മേൽ കെട്ടിവെച്ച് പിഴ ഈടാക്കാൻ റവന്യൂ വകുപ്പ് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കണമെന്നും സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഈ നടപടി.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൽ ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം അന്നത്തെ വയനാട് കലക്ടർ അദീല അബ്ദുള്ള, റവന്യൂസെക്രടറി ഡോ.എ. ജയതിലക് വൈത്തിരി തഹസിൽദാർ ഹാരിസ് എന്നിവരിൽ നിന്നും പിഴ ഈടാക്കാൻ നടപടികൾ എടുക്കണമെന്നും സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
റവന്യൂ സെക്രട്ടറി ജയതിലക് 2020 ഡിംസബർ മാസത്തിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ മറവിലാണ് മുട്ടിൽ വീട്ടിമരം കൊള്ളയും കേരളത്തിൽ ഉടനീളമുള്ള മരം മുറിയും അരങ്ങേറിയത്. ഈ ഉത്തരവ് കാണിച്ചാണ് ആദിവാസികളിൽ നിന്നും കർഷകരിൽ നിന്നും തുച്ഛമായ വിലക്ക് വീട്ടി മരങ്ങൾ തട്ടിയെടുത്ത് മുറിച്ചത്. വയനാട് കലക്ടറും തഹസിൽദാറും ആവശ്യമായ സർട്ടിഫിക്കറ്റും രേഖകളും നൽകിയിരുന്നു.
മരം മുറിയുടെ നിയമ സാധുതയെക്കുറിച്ച് അന്നത്തെ ജില്ലാ ഗവ. പ്ലീഡർ ജോസ്മാത്യൂ കലക്ടർക്ക് രേഖാമൂലം നിയമോപദേശം നൽകിയിട്ടും ചെവിക്കൊണ്ടിട്ടില്ല. മരംകൊള്ള വിവാദമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘം അഗസ്റ്റിൽ സഹോദരന്മാർ നടത്തിയ കൊള്ളയുടെ ഭാഗമായി സൃഷ്ടിച്ച വ്യാജരേഘ ചമക്കലിന്റെ ഫോറൻസിക് റിപ്പോർട്ടും വീട്ടി മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റും ശാസ്ത്രീയ തെളിവുകളായി ശേഖരിച്ചിട്ടുണ്ട്.
ആദിവാസികളും കർഷകരും നിരപരാധികളാണ്. മരം കൊള്ളക്ക് ഒത്താശ ചെയ്തു കൊടുത്ത ഉന്നതർ ഇന്നും രക്ഷപ്പെട്ടു നിൽക്കുന്നു. മന്ത്രിമാരും അവരുടെ ഓഫീസും പങ്കാളികളായ ഗൂഢാലോചനയെക്കുറിച്ച് ഒരന്വേഷണവും നടത്തിയിട്ടില്ല.
കുറ്റകൃത്യത്തിൽ നിരപരാധികളായ ആദിവാസികളെയും കർഷകരെയും ഭൂ സംരക്ഷണ നിയമ പ്രകാരം പ്രതി ചേർത്ത് പിഴയടക്കാൻ നോട്ടീസ് കൊടുത്തതിലൂടെ അഗസ്റ്റിൻ സർഹാദരങ്ങളെ സംരക്ഷിക്കാനുള്ള അവസാന ശ്രമമാണ് റവന്യൂ ഉദ്യാഗസ്ഥർ നടത്തുന്നത്. ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസ്താവനയിൽ അറിയി;ച്ചു. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ്സ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, രാമകൃഷ്ണൻ തച്ചമ്പത്ത്, പി.എം.സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.