തൊണ്ടിമുതൽ മാറ്റി: മന്ത്രി ആൻറണി രാജുവിനെതിരായ വിചാരണ ഇഴയുന്നു
text_fieldsതിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരായ കോടതി നടപടി ഇഴയുന്നു. കുറ്റംപത്രം സമർപ്പിച്ച് 16 വർഷമായിട്ടും വിചാരണ ആരംഭിച്ചില്ല.
ലഹരി മരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നതാണ് കേസ്. 22 തവണ പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലുമാകാത്ത കേസ് നീളുകയാണ്. ആന്‍റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ആസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ജൂനിയർ അഭിഭാഷകനായിരുന്ന ആന്‍റണി രാജു സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയുമായിരുന്നു സെഷന്‍സ് കോടതിയുടെ ശിക്ഷ.
എന്നാൽ, ഹൈകോടതി പ്രതിയെ വെറുതെവിട്ടു. പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദം കണക്കിലെടുത്തായിരുന്നു ഇത്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കിതന്നെ കോടതി ഉറപ്പാക്കി. കുറ്റമുക്തനായതോടെ ആന്‍ഡ്രൂ രാജ്യം വിട്ടു. എന്നാൽ, കേസില്‍ കൃത്രിമം ആരോപിച്ച് അന്വേഷണ ഉദ്യോസ്ഥന്‍ സി.ഐ കെ.കെ. ജയമോഹന്‍ ഹൈകോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്നു വര്‍ഷത്തെ പരിശോധനക്കൊടുവില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് ഹൈകോടതി നിർദേശം നല്‍കി.
ഉത്തരമേഖല ഐ.ജി ടി.പി. സെന്‍കുമാറിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലർക്കായ കെ.എസ്. ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്ന് അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിന്‍റെ സഹായത്തോടെ വാങ്ങിയ ആന്‍റണി രാജു അതു വെട്ടിചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്ലര്‍ക്ക് കെ.എസ്. ജോസ്, ആന്‍റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം ആറുവകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
വഞ്ചിയൂര്‍ കോടതിയില്‍ 2006 മാര്‍ച്ച് 23നു കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടു വര്‍ഷം കേസ് വെളിച്ചം കണ്ടില്ല. 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് കേസ് മാറ്റിയെങ്കിലും വിചാരണ നടപടികൾ അനന്തമായി നീളുകയാണ്. ആഗസ്റ്റ് നാലിന് 23ാം തവണ കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.