സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിൽ പ്രത്യേക സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി; വിവാദ ദത്ത് നൽകലിനെക്കുറിച്ച് പ്രതികരിച്ചില്ല
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനും കേസ് കൈകാര്യം ചെയ്യുന്നതിനും പൊലീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇവർക്ക് പ്രത്യേക പരിശീലനവും നിയമപരിജ്ഞാനവും നൽകും.
പോക്സോ -സ്ത്രീപീഡനകേസുകളിലെ ശിക്ഷാനിരക്ക് വർധിപ്പിക്കുന്നതിനും തുടക്കംമുതൽ നിയമസഹായം നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും റോജി എം. ജോണിെൻറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മാതാവിെൻറ അനുമതിയില്ലാതെയുള്ള വിവാദ ദത്ത് നൽകലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ അന്വേഷണം വേഗം തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അത് പൂർത്തിയാകുംവരെ ചുമതലയിൽനിന്ന് മാറ്റില്ല. കുറ്റ്യാടിയില്‍ സംഭവിച്ചതുപോലെയുള്ള കൂട്ടബലാത്സംഗങ്ങള്‍ പ്രബുദ്ധ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരം സംഭവങ്ങളില്‍ സര്‍ക്കാറിനോ പൊലീസിനോ വീഴ്ചയുണ്ടായിട്ടില്ല. ഉത്തരേന്ത്യക്ക് സമാനമാണ് ഇവിടെ നടക്കുന്ന സംഭവങ്ങളുമെന്ന പ്രതിപക്ഷ നിലപാട് ആരെ വെള്ളപൂശാനാണെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മൂന്നു മാസത്തിനിടെ മൂന്ന് കൂട്ടബലാത്സംഗങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് റോജി എം. ജോണ്‍ കുറ്റപ്പെടുത്തി. വടക്കേ ഇന്ത്യയിലേതിന് സമാനമായ കൂട്ടബലാത്സംഗം പരിഷ്കൃതമെന്ന് അവകാശപ്പെടുന്ന കേരളത്തിലും നടക്കുമ്പോള്‍ വല്ലാത്ത ഉത്കണ്ഠ തോന്നുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.