മധു വധം: വിചാരണ നീട്ടി; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ വാദം 16ന്
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷിവിസ്താരം നീട്ടിവെച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തീർപ്പാകുന്നതുവരെ സാക്ഷിവിസ്താരം നീട്ടിവെക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യമുന്നയിച്ചതിനെ തുടർന്നാണിത്. 16 പ്രതികളിലെ 12 പേർ ഹൈകോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിക്കുകയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും അതിനാൽ, ഇവരുടെ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ ഹരജി നൽകിയിരുന്നു.
ബുധനാഴ്ച 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയകുമാർ, 27ാം സാക്ഷി സൈതലവി, 28ാം സാക്ഷി മണികണ്ഠൻ, 33ാം സാക്ഷി രജിത്, 34ാം സാക്ഷി മണികണ്ഠൻ, 35ാം സാക്ഷി അനൂപ് എന്നിവരെയാണ് വിസ്തരിക്കാനിരുന്നത്. കോടതി തുടങ്ങുംമുമ്പ്, ജാമ്യം റദ്ദാക്കണമെന്ന ഹരജി തീർപ്പാകുന്നതുവരെ സാക്ഷിവിസ്താരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പുതിയ ഹരജി നൽകുകയായിരുന്നു. ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാർ ഹരജി പരിഗണിച്ചു. പ്രോസിക്യൂഷന്‍റെ ആവശ്യത്തെ പ്രതിഭാഗം ശക്തമായി എതിർത്തു. കോടതിയിൽ നൽകിയ രേഖകളുടെ പകർപ്പുകൾ പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് നൽകിയിട്ടില്ലെന്നും കോടതിയിൽ ഹാജറായ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു.
രേഖകൾ നൽകാത്തത് ചൂണ്ടിക്കാട്ടിയ കോടതി ഇവ പ്രതിഭാഗത്തിന് നൽകാനായി കേസ് വ്യാഴാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയും സാക്ഷിവിസ്താരം നീട്ടിവെക്കുകയും ചെയ്തു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി ആഗസ്റ്റ് 16ന് പരിഗണിക്കും. ഇനി സാക്ഷികളുടെ വിസ്താരം 19നു ശേഷമേ ഉണ്ടാകൂ. സാക്ഷികൾ സ്വാധീനിക്കപ്പെടുന്നത് ശക്തമാണെന്നും പ്രതികളുമായി ബന്ധപ്പെട്ടവർ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിനും മണ്ണാർക്കാട് ലോഡ്ജിൽ താമസിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതിനും, സാക്ഷികളിലൊരാൾക്ക് പ്രതിയുടെ ബന്ധു 1000 രൂപ ബാങ്ക് വഴി നൽകിയതുൾപ്പെടെ തെളിവുകൾ ഉണ്ടെന്നും അതിനാലാണ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചതെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. എന്നാൽ, മധുവിന്‍റെ കുടുംബത്തിന് നീതി ലഭിക്കലല്ല പ്രോസിക്യൂഷന്‍റെ ലക്ഷ്യമെന്നും, പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചത് എന്നതിനാൽ യഥാർഥ പ്രതികളെ സംരക്ഷിക്കലാണ് വിചാരണ നടപടികൾ നീട്ടാനുള്ള പ്രോസിക്യൂഷന്‍റെ ശ്രമത്തിന് പിന്നിലെന്നും പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചു -പ്രോസിക്യൂഷൻ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണവേളയിൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ നിരന്തരം ശ്രമിച്ചതായി ഡേറ്റ രേഖകൾ തെളിയിക്കുന്നതായി പ്രോസിക്യൂഷൻ. പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു എന്നിവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ഇടനിലക്കാർ ശ്രമിച്ചതിനും പണം കൈമാറിയതിനും തെളിവുണ്ട്. കോടതിയിൽ ഐ.പി.സി 164ാം വകുപ്പുപ്രകാരം മൊഴി നൽകിയ ചില സാക്ഷികളുടെ ടെലിഫോൺ കാളുകൾ നിരീക്ഷിച്ചപ്പോൾ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സാക്ഷി സംരക്ഷണസമിതിയുടെ നിർദേശപ്രകാരമാണ് കാളുകളും ഇ-മെയിലുകളും നിരീക്ഷിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.