എച്ച്.എം.ടി കവലയിലെ ട്രാഫിക് പരിഷ്കാരം പരീക്ഷണം; വിജയിച്ചാൽ സ്ഥിരമാക്കും- പി. രാജീവ്
text_fieldsകൊച്ചി: എച്ച്.എം.ടി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺ വേ ട്രാഫിക് പരിഷ്കാരം മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും വിജയകരമായാൽ സ്ഥിരപ്പെടുത്തും. മറ്റ് പ്രശ്നങ്ങളുണ്ടായാൽ അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനമെടുക്കും. രണ്ട് മാസത്തിനകം മാധ്യമങ്ങൾക്കുൾപ്പെടെ ഗതാഗത പരിഷ്ക്കാരത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം. മറ്റ് നി൪ദേശങ്ങളുണ്ടെങ്കിൽ അതും സ്വാഗതം ചെയ്യും.
ദേശീയപാതയിൽ ആര്യാസ് കവല, എച്ച്എംടി കവല, ടിവി എസ് കവല ഉൾപ്പെടുന്ന പ്രദേശം ട്രാഫിക് റൗണ്ടാക്കിയാണ് പരിഷ്കാരം. സിഗ്നലുകളും വാഹനങ്ങളുടെ ക്രോസിങ്ങും ഇല്ലാത്തതിനാൽ സുഗമമായ ഗതാഗതം സാധ്യമാകും.റെയിൽവേ മേൽപ്പാലത്തിൽ വാഹനങ്ങൾ ഒരുഭാഗത്തേക്ക് മാത്രമായതിനാൽ വാഹ നസാന്ദ്രത കുറയുകയും കാൽനടക്കാർക്ക് ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലാകും നടപടികൾ. എച്ച്.എം.ടി ജംക്ഷനിൽ നിന്ന് വിവിധ ഭാഗത്തേക്കുള്ള ബസുകൾക്ക് സ്റ്റോപ്പുണ്ടാകും. വിദ്യാ൪ഥികൾക്ക് റോഡ് മുറിച്ചുകടക്കേണ്ടതില്ല. മോട്ടോ൪ വാഹന വകുപ്പ് അധികൃതരും വൊളന്റിയ൪മാരും ഗതാഗത ക്രമീകരണത്തിന് സഹായത്തിനുണ്ടാകും.
മൂലേപ്പാടം വെള്ളക്കെട്ട് പരിഹാരത്തിനായി വിവിധ വകുപ്പുകൾ ചേ൪ന്ന് അഞ്ചര കോടി രൂപ ചെലവഴിക്കുകയാണെന്നും മന്ത്രി അറിയിച്ചു. വിവിധ ഏജ൯സികളുടെ ഫണ്ടും ബോക്സ് കൽവെ൪ട്ട് നി൪മ്മാണത്തിനായി റെയിൽവേ അനുവദിച്ച 1.40 കോടി രൂപയും ഉൾപ്പടെയാണിത്. കളമശേരി നഗരസഭയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആകെ 20 കോടി രൂപയാണ് ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു. കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണ൯, കലക്ട൪ എ൯.എസ്.കെ. ഉമേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.