ത്രികോണം @ വട്ടിയൂർക്കാവ്
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് നേമത്ത് അരങ്ങൊരുങ്ങിയപ്പോൾ അയൽപക്ക മണ്ഡലമായ വട്ടിയൂർക്കാവിൽ ഇത്തവണ യുവരക്തങ്ങളുടെ ത്രികോണപ്പോര്. നേമത്ത് യു.ഡി.എഫിെൻറ പടനയിക്കുന്ന കെ. മുരളീധരനെ രണ്ടുതവണ വരിച്ച വട്ടിയൂർക്കാവിൽ പക്ഷേ, 2019ലെ ഉപതെരഞ്ഞെടുപ്പോടെ ചിത്രം മാറി. മുരളീധരൻ നിയമസഭാംഗത്വം രാജിവെച്ചതോടെയുണ്ടായ ഉപതെരഞ്ഞെടുപ്പിൽ 'മേയർ ബ്രോ' പരിവേഷത്തിലെത്തിയ വി.കെ. പ്രശാന്തിലൂടെ ഇടതുമുന്നണി വിജയക്കൊടി ഉയർത്തി.
അന്നുവരെ മണ്ഡലം കാണാത്ത രൂപത്തിൽ സാമുദായിക പരിഗണനകൾക്കപ്പുറം പ്രശാന്തിെൻറ പെട്ടിയിൽ വോട്ടുവീണപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമായി. പഴയ പരിവേഷം അത്രക്ക് ചർച്ചയല്ലെങ്കിലും പ്രശാന്ത് തന്നെയാണ് ഇത്തവണയും ഇടതുമുന്നണിക്കായി രണ്ടാം അങ്കത്തിനിറങ്ങുന്നത്. വെട്ടിയും തിരുത്തിയുമുള്ള ആലോചനകൾക്കൊടുവിൽ മണ്ഡലത്തിൽനിന്നുള്ള വനിത യുവനേതാവ് അഡ്വ. വീണ എസ്. നായർക്കാണ് യു.ഡി.എഫിൽ ഇത്തവണ നറുക്കുവീണത്. ബി.ജെ.പി ജില്ല പ്രസിഡൻറും കോർപറേഷൻ കൗൺസിലറുമായ വി.വി. രാേജഷാണ് മണ്ഡലത്തിൽ താമര വിരിയിക്കാനുള്ള പോരാട്ടം ഏറ്റെടുത്തത്.
പ്രശാന്തിലൂടെ മണ്ഡലം നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മേയർ, എം.എൽ.എ എന്ന നിലയിലുള്ള പ്രതിച്ഛായയും വികസനവും തന്നെയാണ് പ്രശാന്തിെൻറ സാധ്യതകൾ വർധിപ്പിക്കുന്നത്. മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചതോടെയാണ് വീണക്ക് നറുക്കുവീണത്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള സാമുദായിക വോട്ടുകൾകൂടി ലക്ഷ്യമിട്ടായിരുന്നു വീണക്കായുള്ള ചരടുവലികൾ. മാധ്യമ മേഖലയിലൂടെ പരിചിത മുഖമാണ് വീണയുടെത്. വൈകിയ സ്ഥാനാർഥി നിർണയത്തിലൂടെ പ്രചാരണത്തിൽ പിറകിൽ പോയ യു.ഡി.എഫ് പക്ഷേ, പിന്നീട് ട്രാക്കിലെത്തി.
ഉപതെരഞ്ഞെടുപ്പിലൂടെ വൻ വോട്ട് ചോർച്ചയാണ് ബി.ജെ.പിക്കുമുണ്ടായത്. ഇത് തിരികെയെത്തിക്കാൻ ബി.ജെ.പി കരുക്കൾ നീക്കുന്നതോടെ ത്രികോണപോരാട്ടം തന്നെയായിരിക്കും വട്ടിയൂർക്കാവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.