നേമത്ത് ത്രികോണപോരാട്ടം; വട്ടിയൂർകാവിലും കഴക്കൂട്ടത്തും സസ്പെൻസ്
text_fieldsതിരുവനന്തപുരം: കോൺഗ്രസും ബി.ജെ.പിയും പട്ടിക പ്രഖ്യാപിച്ചതോടെ തലസ്ഥാനപ്പോരിന് ചിത്രം തെളിയുന്നു. സസ്പെൻസ് നിലനിർത്തി ബി.ജെ.പി കഴക്കൂട്ടം ഒഴിച്ചിട്ടപ്പോൾ കുതിപ്പിനുള്ള പതുങ്ങലായാണ് കോൺഗ്രസിെൻറ വട്ടിയൂർകാവ് പ്രഖ്യാപനം നീട്ടുന്നതെന്നാണ് വിലയിരുത്തൽ. വാമനപുരത്തും എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ഡി.ജെ.എസിനാണ് സീറ്റ്. മറ്റിടങ്ങളിലെല്ലാം സ്ഥാനാർഥികളെത്തി.
ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് നേമത്ത് നേതാക്കൾ വിശേഷിപ്പിച്ചതുപോലെതന്നെ 'ശക്തനായ' സ്ഥാനാർഥിയെ കോൺഗ്രസ് അവതരിപ്പിച്ചത്. ത്രികോണപോരാട്ടം നേരത്തേതന്നെ ഉറപ്പായ നേമം സംസ്ഥാന രാഷ്ട്രീയത്തിെൻറതെന്ന ദിശാസൂചകവും ചർച്ചാകേന്ദ്രവുമാകുമെന്ന് ഉറപ്പായി.
'ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം' എന്ന ഇരുമുന്നണികളുടെയും അവകാശവാദങ്ങളുടെ മാറ്റുരയ്ക്കലിന് കൂടിയാകും നേമം സാക്ഷിയാകുക. കഴിഞ്ഞവട്ടം യു.ഡി.എഫിെൻറ ദൗർബല്യത്തിലാണ് താമര തളിർത്തതെന്ന സി.പി.എം ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടി കൂടിയാണ് കെ. മുരളീധരെൻറ സ്ഥാനാർഥിത്വം. വി. ശിവൻകുട്ടിയാണ് ഇടതു സ്ഥാനാർഥി. അൽപം അനിശ്ചിതത്വങ്ങളുണ്ടായെങ്കിലും കുമ്മനം രാജശേഖരനെയാണ് ബി.ജെ.പിക്കായി മത്സരരംഗത്തിറങ്ങുക. വി. ശിവൻകുട്ടി നേരത്തേതന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
വട്ടിയൂർകാവിൽ നേരത്തേ പരിഗണനയിലുണ്ടായിരുന്ന സ്ഥാനാർഥിയുടെ വിജയസാധ്യതയിൽ ചില സംശയമങ്ങളുയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പ്രഖ്യാപനം മാറ്റിവെച്ചതെന്നാണ് വിവരം. പി.സി. വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകളാണ് ഇവിടെ ഉയർന്നുകേൾക്കുന്നത്. അതേസമയം കഴക്കൂട്ടത്തെ ബി.ജെ.പിയുടെ ഒഴിച്ചിടൽ എന്തിെനന്ന് വ്യക്തമല്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ പേരുകളാണ് ഇവിടെ പരിഗണിച്ചിരുന്നത്.
ഇതിൽ സുരേന്ദ്രന് കോന്നിയും മേഞ്ചശ്വരവും നൽകിക്കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയെ പരിഗണിച്ചതോടെയാണ് വി.എസ്. ശിവകുമാർ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്. ഘടകകക്ഷി മത്സരിക്കുന്ന സീറ്റിൽ ആൻറണി രാജുവാണ് എൽ.ഡി.എഫിനായി സീറ്റ് പിടിക്കാൻ മത്സരരംഗത്തുള്ളത്. സീരിയൻ നടൻ കൃഷ്ണകുമാറിനെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിന് പുറമെ കോവളം, അരുവിക്കര എന്നിവിടങ്ങളിലാണ് സിറ്റിങ് എം.എൽ.എമാരെ കോൺഗ്രസ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.