കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിന് മംഗലംകളിയും
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും. ചരിത്രത്തിലാദ്യമായാണ് ഒരു ഗോത്ര കല സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എത്തുന്നത്. കാസർകോട് ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളാണ് കലാരൂപം അവതരിപ്പിച്ചത്. കാസർകോട് ജില്ലയിലെ ഗോത്രവർഗക്കാരായ മാവിലർ മലവേട്ടുവർ എന്നീ സമുദായക്കാർ വിവാഹം പോലുള്ള നല്ലകാര്യങ്ങൾ നടക്കുന്നതിന് മുമ്പ് അവതരിപ്പിക്കുന്ന തനത് കലാരൂപമാണ് മംഗലംകളി.
പ്രദർശനം എന്ന നിലയിലാണ് ഇത്തവണ മംഗലംകളി അവതരിപ്പിച്ചത്. അടുത്തവർഷം മുതൽ ഗോത്ര കലകളെ മത്സരയിനം ആക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അടുത്ത വർഷം മുതൽ പരിഷ്കരിച്ച മാന്വൽ പ്രകാരമായിരിക്കും കലോത്സവം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുവജനോത്സവമായി വന്നുപോയി 16 വർഷങ്ങൾ പൂർത്തിയാകുമ്പോളാണ് കൊല്ലത്തിന്‍റെ മണ്ണിലേക്ക് കലോത്സവമായി ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേള തിരിച്ചുവന്നിരിക്കുന്നത്. കൊല്ലത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായ മഹാരഥന്മാരുടെ സ്മരണ നിറയുന്ന 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം നഗരഹൃദയത്തിൽ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്ത് ഒരുക്കിയ വിശാലമായ വേദിയാണ് ഒന്നാം വേദിയായ ഒ.എൻ.വി സ്മൃതി.
എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ല കലോത്സവങ്ങളിൽനിന്ന് 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.