നിശാഗന്ധിയിൽ തനത് താളം; ഗോത്രകലകൾ മത്സരയിനമാകുന്നത് ഇതാദ്യം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇനി മുതൽ ഗോത്ര കലാരൂങ്ങളും. കഴിഞ്ഞ തവണ കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിന് അവതരിപ്പിച്ച മംഗലംകളിയുൾപ്പെടെയുള്ള അഞ്ച് ഗോത്ര കലാരൂപങ്ങളാണ് ഇത്തവണ മത്സര ഇനങ്ങളായി ഉള്ളത്. മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, പളിയ നൃത്തം, മലയപ്പുലയ ആട്ടം എന്നിവയാണ് മത്സരഇനങ്ങളായി ഉൾപ്പെടിത്തിയത്. 15ാം വേദിയായ നിശാഗന്ധിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് മംഗലംകളി. വിവാഹാഘോഷങ്ങളിലാണ് പ്രധാനമായും മംഗലംകളി നടത്താറുള്ളത്. തുടിയാണ് പ്രധാന വാദ്യമായി ഉപയോഗിക്കുന്നത്. സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം ചെയ്യുന്നതാണ് രീതി.
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ ഇടയിലുള്ള കലാരൂപമാണ് പണിയ നൃത്തം. വട്ടക്കളി, കമ്പളക്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവക്കുന്നതിനാലാണ് വട്ടക്കളി എന്ന പേര് വന്നത്. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കാറുണ്ട്. പുരുഷൻമാർ ചേർന്ന് കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ് ഇതിന്റെ രീതി.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത കലാരൂപമാണ് ഇരുള നൃത്തം. നൃത്തത്തിനും സംഗീതത്തിനും തുല്ല്യ പ്രധാന്യമാണ് ഉള്ളത്. പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താനാണ് ഇരുളർ നൃത്തം ചെയ്യുന്നത്. തുകൽ, മുള മുതലായവ കൊണ്ട് നിർമിച്ച വാദ്യങ്ങളുടെ താളത്തിലാണ് ഇവർ നൃത്തം ചെയ്യുന്നത്.
ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ ആദിവാസി വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. പളിയർ കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയനൃത്തം. മഴക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ കലാരൂപമാണ് മലപ്പുലയാട്ടം. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയപ്പുലയർ നൃത്തരൂപം അവതരിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നാണ് ആട്ടം അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.