അഡീഷനൽ ട്രൈബൽ സബ് പ്ലാൻ കടലാസിലൊതുങ്ങി; നിലമ്പൂരിലും പോത്തുകല്ലിലും ആദിവാസി കോളനി വികസനം അട്ടിമറിച്ചു
text_fieldsകൊച്ചി: മലപ്പുറം ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലും പോത്തുക്കൽ ഗ്രാമപഞ്ചായത്തിലും അഡീഷനൽ ട്രൈബൽ സബ് പ്ലാൻ(എ.ടി.എസ്) കടലാസിലൊതുങ്ങിയെന്ന് റിപ്പോർട്ട്. ആദിവാസി ഊരുകളിലെ വികസന പദ്ധതികൾ അട്ടിമറിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. 2014-15കാലത്ത് സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ വികസന പദ്ധതികൾ നടപ്പാക്കാനായി 62.28 കോടി രൂപയാണ് അനുവദിച്ചത്. ഇതു സംബന്ധിച്ച് 2015 ഒക്ടോബർ മൂന്നിന് പട്ടികവർഗ വകുപ്പ് ഉത്തരവിറക്കി. അതിൽ 13.21 കോടി മലപ്പുറം ജില്ലക്ക് നീക്കിവെച്ചു. നിലമ്പൂർ മുൻസിപ്പാലിറ്റിയിലെയും പോത്തുകൽ പഞ്ചായത്തിലെയും തെരഞ്ഞെടുത്ത ഊരുകളിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. നിലമ്പൂർ മുനിസിപ്പാലിറ്റിക്ക് 7.09കോടിയും പോത്തുകല്ലിന് 6.12 കോടിയും.
ഈ പ്രത്യേക പാക്കേജിൽ അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അടിസ്ഥാന ആവശ്യങ്ങൾ, ഭവനരഹിതരായ ആദിവാസികൾക്ക് വീടുകൾ, ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ, ആദിവാസികളുടെ പുനരധിവാസം, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു പദ്ധതി. 2017 ഒക്ടോബർ 23ന് നടന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി. നിലമ്പൂർ നഗരസഭയിലുള്ള എട്ട് ആദിവാസി കോളനികളെ തെരഞ്ഞെടുത്തു.
ചക്കപ്പള്ളി -57,34,000, ഇയ്യമട -55,61,000, മുക്കരശി -78,58,000, മുത്തേരി -64,29,000, വല്ലപ്പുഴ -1,10,39,000,
നല്ലത്താണി -1,45,73,000, വരടേംപാടം -67,91,000, കല്ലേമ്പാടം - 27,13,000 എന്നിങ്ങനെയാണ് തുക അനുവദിച്ചു.
പോത്തുക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പദ്ധതി നടപ്പാക്കുന്ന ഓഫീസർ, എന്നിവർ
പുതുക്കിയ ഡി.പി.ആർ 2018 ജൂലൈ 18ന് നൽകി. പുതുക്കിയ ഡി.പി.ആർ അനുസരിച്ച് പോത്തുകൽ ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളുടെ വികസനത്തിന് 5.87കോടി രൂപയാണ് കണക്കാക്കിയത്.
കുമ്പളപ്പാറ-1,37,03,000, തരിപ്പപ്പൊട്ടി-1,23,08,000, ഇരുട്ടുകുത്തി-1,75,79,000, വാണിയംപുഴ-1,43,28,000,
ഭരണച്ചിലവുകൾ-5,79,180, തെരുവ് വിളക്കുകൾ-2,99,134 എന്നിങ്ങനെയാണ് തുക നിശ്ചയിച്ചത്.
നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എട്ട് ആദിവാസി കോളനികളിൽ 78 പ്രവൃത്തികൾ നടപ്പാക്കുന്നതിന് റിപ്പോർട്ട് സമർപ്പിച്ചു, അതിന് മലപ്പുറം കലക്ടർ ഭരണാനുമതി നൽകി. നടപ്പാക്കുന്നതിന് മുൻകൂർ പണമായി 1.41 കോടി രൂപ (എസ്റ്റിമേറ്റ് തുകയുടെ 25ശതമാനം) അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. മുനിസിപ്പാലിറ്റി ഏറ്റെടുത്ത പ്രവൃത്തികൾക്കായി, മലപ്പുറം ജില്ലാ കലക്ടറും നിലമ്പൂർ മുനിസിപ്പാലിറ്റി (ഏജൻസി) സെക്രട്ടറിയും പ്രതിനിധീകരിക്കുന്ന എസ്.സി.-എസ്.ടി വകുപ്പും തമ്മിലുള്ള ധാരണാപത്രം 2017 ജൂലൈ 24ന് ഒപ്പിട്ടു. പദ്ധതി 2017 ഡിസംബർ 31നോ അതിനുമുമ്പോ (ആറ് മാസം) പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.
നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ പദ്ധതി എഞ്ചിനീയറിംഗ് വിംഗ് മുഖേനയാണ് നടപ്പിലാക്കേണ്ടത്. എട്ട് ആദിവാസി കോളനികളിലായി 78 പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകി. ധാരണാപത്രം 2017 ജൂലൈ 24-ന് ഒപ്പിട്ടു. എല്ലാ ജോലികളും 2017 ഡിസംബർ 31നകം പൂർത്തിയാക്കേണ്ടതായിരുന്നു. നിലമ്പൂർ മുനിസിപ്പാലിറ്റി ഏറ്റെടുത്ത 78 പ്രവൃത്തികളിൽ 59 പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ധാരണാപത്രത്തിലെ വ്യവസ്ഥ (എം) പ്രകാരം വർക്ക് നിർവ്വഹിക്കുന്നതിൽ ഏജൻസി തുക തിരിച്ചടക്കണമെന്നാണ്. എന്നാൽ ഏജൻസിക്കെതിരെ നടപടിയുണ്ടായിട്ടില്ല.
നിലമ്പൂർ നഗരസഭ ആദിവാസി ഊരുകളിൽ നടക്കുന്ന പ്രവർത്തന പുരോഗതി നിരീക്ഷിച്ചില്ല. മുനിസിപ്പാലിറ്റിയിലെ ഉത്തരവാദിത്തമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥത പദ്ധതി അട്ടമറിക്കുന്നതിന് കാരണമായി. തെരഞ്ഞെടുത്ത ആദിവാസി കോളനികളിലെ അംഗങ്ങൾക്ക് പദ്ധതിയുടെ ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി.
പോത്തുകൽ ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുത്ത നാല് പട്ടികവർഗ കോളനികളിലായി 2015-16 സാമ്പത്തിക വർഷത്തിൽ 6.12 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയിൽ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രവൃത്തി നടത്തുന്നതിന് അനുകൂല സമീപനമുണ്ടായില്ല. തിരഞ്ഞെടുത്ത നാല് പട്ടികവർഗ കോളനികൾക്കായുള്ള പുതുക്കിയ ഡി.പി.ആർ 2018-ൽ മാത്രമാണ് സമർപ്പിച്ചത്. അതിനുശേഷം, പ്രളയം കാരണം പുതുക്കിയ ഡി.പി.ആർ അംഗീകരിക്കാൻ കഴിഞ്ഞില്ല. പദ്ധതികൾ ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട നാല് ആദിവാസി കോളനികളിലെയും ഗുണഭോക്താക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അട്ടിമറിച്ചതിന്‍റെ ചിത്രമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.