Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ ആദിവാസി...

അട്ടപ്പാടിയിലെ ആദിവാസി ഭൂമികൈയേറ്റത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് ആദിവാസി ദലിത് സംഘടനകള്‍

text_fields
bookmark_border
അട്ടപ്പാടിയിലെ ആദിവാസി ഭൂമികൈയേറ്റത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് ആദിവാസി ദലിത് സംഘടനകള്‍
cancel

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമികൈയേറ്റത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് ആദിവാസി ദലിത് സംഘടനകള്‍. 1960 കളില്‍ സെന്‍റില്‍മെന്‍റ് രജിസ്റ്ററില്‍ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും ഒരു ഉന്നത ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കൈയേറ്റ കേസുകളില്‍ പൊലീസിന്‍റെ ആദിവാസി വിരുധമായ ഇടപെടല്‍ അവസാനിപ്പിക്കുക, വ്യക്തിഗതവനാവകാശവും സാമൂഹികവനാവകാശവും തടഞ്ഞു വച്ച വനംവകുപ്പിന്‍റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

ഒക്ടോബര്‍ ഏഴിന് പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കും. അട്ടപ്പാടിയില്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളോടൊപ്പം ആദിവാസി ദലിത് പൗരാവകാശ പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോർഡിനേറ്റര്‍ എം.ഗീതാനന്ദൻ അറിയിച്ചു.

1990 കളില്‍ അട്ടപ്പാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ആദിവാസി ഭൂമി കൈയേറ്റങ്ങളില്‍ കൈയേറ്റക്കാര്‍ കണ്‍മുന്‍പില്‍ ഉണ്ടായിരുന്നവരാണ്. 1950-60 ദശകങ്ങളില്‍ മധ്യതിരുവിതാംകൂറില്‍ നിന്നും സംഘടിതമായി കുടിയേറിയവരായിരുന്നു കൈയേറ്റക്കാര്‍. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കൈയേറ്റം വന്‍കിട ഭൂമാഫിയകള്‍ നടത്തുന്നതാണ്.

കൈയേറ്റക്കാര്‍ മറഞ്ഞിരിക്കുന്നവരും, നിഗൂഢമായി തയാറാക്കിയ വ്യാജരേഖകളും റവന്യൂ രേഖകളും ഉണ്ടാക്കി രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുമാണ്. രാഷ്ട്രീയ സംവിധാനത്തിന്‍റെ പിന്‍ബലത്തില്‍ കോടതിയെയും പോലീസിനെയും ഉപയോഗിച്ചുള്ള കൈയേറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് എസ്.സി- എസ്.ടി അതിക്രമം തടയല്‍ നിയമമനുസരിച്ച് കുറ്റകൃത്യമാണെങ്കിലും, കുറ്റം ചെയ്യുന്ന ഭൂമാഫിയകള്‍ക്ക് പല കേസുകളിലും പോലീസ് സംവിധാനം തുറന്ന പിന്തുണ നൽകുന്നു.

തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാധിരാജാട്രസ്റ്റിന്‍റെ പരാതിയില്‍ അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പനായ സൊറിയന്‍ മൂപ്പനെയും അദ്ദേഹത്തിന്‍റെ മകന്‍ വി.എസ്.മുരുകനെയും അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തതും, തിരുവോണനാളില്‍ പോലും ചീരക്കടവിലെ ഗാത്തി മൂപ്പന്‍റെ അന്തരാവകാശികളായ ആദിവാസികളെ പോലീസ് വേട്ടയാടിയതും മേല്‍പറഞ്ഞതിന്‍റെ ദൃഷ്ടാന്തമാണ്. കൈയേറ്റത്തിന് ഭരണ സംവിധാനത്തിന്‍റെ ശക്തമായ പിന്തുണ ഉണ്ട് എന്നത് വ്യക്തമാണ്.

1960 കളിലെ സെന്‍റില്‍മെന്‍റ് രജിസ്റ്ററുകളില്‍ ആദിവാസികളുടെ ഉടമസ്ഥത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭൂമി കൈവശം വെയ്ക്കുന്ന ആദിവാസികള്‍ അറിയാതെ റവന്യു രേഖകളും ആധാരങ്ങളുമുണ്ടാക്കി പൊടുന്നനെ രംഗത്തു വരുന്ന ഭൂമാഫിയകള്‍ നിരവധിയാണ്. ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയുടെ ഭൂമി, ഭൂതിവഴിയിലെ കാളിക്കാടന്‍ മൂപ്പന്‍റെ 10 ഏക്കര്‍ ഭൂമി, കമ്പളക്കാട് പുതൂരില്‍ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ 10 ഏക്കര്‍ ഭൂമി, ചീരക്കടവിലെ ഗാത്ത മൂപ്പന്‍റെ ഭൂമിയില്‍ സർവേ നമ്പറില്‍ തിരിമറി നടത്തി കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി, മരപ്പാലം ഊരിലെ നഞ്ചി - കുമാരന്‍ - വെള്ളിങ്കരി എന്നിവരുടെ ഭൂമി, അഗളി മേലെ ഊരിലെ മല്ലീശ്വരിയുടെ ഭൂമി, ചാളയൂരിലെ മല്ലന്‍റെ എട്ട് ഏക്കര്‍ ഭൂമി, ഭൂതിവഴി ഊരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയ ഭൂമി തുടങ്ങി നിരവധി കേസുകളില്‍ ഭൂമാഫിയകളുടെ പുത്തന്‍ ഇടപെടല്‍ വ്യക്തമാണ്.

അഹാഡ്സിനുവേണ്ടി നടത്തിയ സർവേ രേഖകള്‍ ഉപയോഗിച്ച് കാറ്റാടി കമ്പനികളുടെ പേരില്‍ നടത്തിയ കൈയേറ്റത്തിന് പുറമെ വിവിധ റിസോര്‍ട്ട് ഏജന്‍സികളും എൻ.ജി.ഒകളും, സ്വകാര്യകമ്പനികളും നടത്തുന്ന കൈയേറ്റവും വിപുലമാണ്.

കേരളത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍ ബിനാമി കമ്പനി അട്ടപ്പാടി ഗിരിജന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭൂമി കൈക്കലാക്കിയ സംഭവം കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായിരുന്നു. കിഴക്കന്‍ അട്ടപ്പാടിയില്‍ ഭൂമാഫിയകളാണ് ഭൂമി തട്ടിയെടുക്കുന്നതെങ്കില്‍, പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ വനാവകാശ നിയമം ദുര്‍ബലപ്പെടുത്തി ആദിവാസി ഭൂമി കൈവശപ്പെടുത്തുന്നത് വനം വകുപ്പാണ്. ഗ്രാമസഭകള്‍ അംഗീകരിച്ച വനാവകാശ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച കേസുകള്‍ നിരവധിയാണ്. കലക്ട്രേറ്റിന് മുന്നിലെ സത്യാഗ്രഹത്തിൽ വിവിധ ആദിവാസി സംഘടകൾ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attappadi Tribal
News Summary - Tribal Dalit organizations will start agitation against tribal land grabbing in Attapadi
Next Story