ഉയർന്ന പഠിപ്പുണ്ട്, എന്നിട്ടും ഊരിലെ പണിക്ക് പറ്റില്ലെന്ന്
text_fieldsകൽപറ്റ: എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി, എം.എ ആന്ത്രോപ്പോളജി തുടങ്ങി ഉന്നത ബിരുദാനന്തര ബിരുദങ്ങളുള്ള ഡസനോളം ആദിവാസി യുവാക്കൾ. എട്ടുവർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കർമാരായി പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ജോലി ചെയ്യുകയായിരുന്നു അവർ.
ഈ വരുന്ന മാർച്ച് മുതൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുകയാണ്. പകരം പുതിയ ആളുകളെ നിയമിക്കുന്നു. അതിനായി എഴുത്തുപരീക്ഷ കഴിഞ്ഞു. വയനാട് ജില്ലയിലെ നിയമനത്തിനുള്ള ഇന്റർവ്യൂവിന് യോഗ്യത നേടിയ 25 പേരുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ആദിവാസി വിഭാഗക്കാരിൽ നിലവിൽ ജോലി നോക്കുന്ന ഒരാൾ മാത്രം ലിസ്റ്റിൽ. ബാക്കി എല്ലാവരും പുറത്ത്.
ലിസ്റ്റിലെ പട്ടിക വർഗ വിഭാഗക്കാർ ആറുപേർ മാത്രം. പകരം കയറിക്കൂടിയത് ഇതര ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ ജനറൽ കാറ്റഗറിയിലെ ആളുകൾ. ആദിവാസി ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സർക്കാർ, പട്ടിക വർഗ വകുപ്പിലെ നിയമനത്തിൽപോലും ഗോത്രവർഗ യുവാക്കളെ അവഗണിച്ച് സ്വന്തക്കാരെ നിയമിക്കാൻ നീക്കംനടത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് പട്ടികവർഗക്കാരെ മാത്രം പരിഗണിക്കണമെന്ന ആദിവാസി വിഭാഗങ്ങളുടെ ആവശ്യം പട്ടിക വർഗ വകുപ്പ് നിരാകരിക്കുകയായിരുന്നു.
ആദിവാസികളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 2014ല്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിച്ചത്. ഇവരിലേറെയും കാട്ടുനായ്ക്ക, പണിയ, അടിയ തുടങ്ങി ഏറ്റവും പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവർ. 2014ൽ നിശ്ചയിച്ച 20,000 രൂപ ഓണറേറിയമല്ലാതെ എട്ടുവർഷത്തിനിടെ ഒരുരൂപ പോലും വർധിപ്പിച്ചു നൽകിയിട്ടില്ല. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്കാകട്ടെ, തുടക്കത്തിൽതന്നെ 29,540 രൂപയാണ് ശമ്പളം.
15 ഒഴിവിലേക്ക് ആദിവാസി വിഭാഗക്കാരിൽനിന്നുമാത്രം പരീക്ഷയെഴുതിയത് 40 പേർ. പുതിയ നിയമനത്തിനുള്ള പരീക്ഷ നിലവിലുള്ളവർ മിക്കവരും എഴുതിയിട്ടുണ്ട്. എന്നാൽ, ഒരാളൊഴികെ എല്ലാവരും 'തോറ്റുപോയി'. പട്ടികവർഗക്കാർക്ക് മുൻഗണനയെന്ന് വിജ്ഞാപനത്തിലുണ്ടായിരുന്നെങ്കിലും അഭിമുഖ പട്ടികയിൽ അതൊട്ടും പ്രതിഫലിച്ചില്ല. 25, 26 തീയതികളിലാണ് അഭിമുഖം. പരീക്ഷ നടത്തിയത് പുറത്തുനിന്നുള്ള ടീം. ബാങ്ക് പ്രബേഷനറി ഓഫിസർമാരുടെ പരീക്ഷക്ക് സമാന രീതിയിലായിരുന്നു എഴുത്തുപരീക്ഷയെന്ന് ആദിവാസി ഉദ്യോഗാർഥികൾ പറയുന്നു.
ആദിവാസി ഊരിൽ സേവനം ചെയ്യേണ്ടവരെ തിരഞ്ഞെടുത്തത് ന്യൂമെറിക്കൽ എബിലിറ്റിയും മറ്റും പരിശോധിച്ച്. പരീക്ഷ അടിമുടി ഇംഗ്ലീഷിലാക്കി. എല്ലാം കൊണ്ടും ഗോത്രവർഗ ഉദ്യോഗാർഥികൾക്കത് 'അഗ്നിപരീക്ഷ'യായി.
സംസ്ഥാനത്ത് മൊത്തം 54 ഒഴിവുകളിൽ അപേക്ഷിച്ചത് രണ്ടായിരത്തോളം പേർ. ഇതിൽ 160ലേറെ ആദിവാസി ഉദ്യോഗാർഥികൾ.
ആദിവാസി മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള ഗോത്രവർഗക്കാരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കാനുള്ള നീക്കം വിവാദമാവുകയാണ്. അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ആദിവാസി ഉദ്യോഗാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.