ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം: ധാരണാപത്രം റദ്ദ് ചെയ്തു
text_fieldsകോഴിക്കോട്: ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം നിർമാണത്തിന് സർക്കാരിന്റെ അംഗീകാരത്തോടെ കിർത്താഡ്സും കേരള മ്യൂസിയവുമായി ഒപ്പിട്ട ധാരണാപത്രം റദ്ദ് ചെയ്തു. പട്ടികവർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എ.പ്രശാന്താണ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയത്. പരസ്പര സഹകരണത്തോടെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഇരു കക്ഷികളും വ്യക്തമാക്കിയ സഹാചര്യത്തിലാണ് ഉത്തരവ് റദ്ദ് ചെയ്തത്.
മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ 2021 ഒക്ടോബർ 30 നാണ് കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ളയും കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദുവും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥും അന്ന് സന്നിഹിതനായിരുന്നു. കോഴിക്കോട് കിര്‍ത്താഡ്‌സ് കാമ്പസില്‍ ഗോത്ര സമര സേനാനികള്‍ക്കായി മ്യൂസിയം നിർമിക്കനാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഒരു സാധാരണ മ്യൂസിയം എന്നതിലുപരി ഗവേഷണം, ഗോത്ര സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ - തൊഴില്‍ മേഖലകളില്‍ കൂടി സജീവമായി ഇടപെടാനുള്ള ഒരിടം എന്ന നിലയില്‍ കൂടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അന്ന് പറഞ്ഞു.
എന്നാൽ, 2022 മെയ് 15ലെ ഉത്തരവ് പ്രകാരം മ്യൂസിയം നിർമിക്കാന്നതാനായി വയനാട് ജില്ലിയിലെ പൊഴുതന ഗ്രാമപഞ്ചായത്തിൽ 20 ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി. ആ ഭൂമി കാർത്താഡ്സ് ഡയറക്ടർക്ക് അനുവദിച്ചു നൽകാൻ പട്ടികവർഗ ഡയറക്ടർക്ക് നിർദേശം നൽകി ഉത്തരവിറക്കിയിരുന്നു. എന്നാൽ, ധാരണാ പത്രം ഒപ്പിട്ടെങ്കിലും മ്യൂസിയം നിർമാണത്തിനുള്ള ഡി.പി.ആർ കേരള മ്യൂസിയം ഇതുവരെ തയാറാക്കി നൽകിയല്ലെന്നും അതിനാൽ പദ്ധതി നടത്തിപ്പ് കാല താമസം നേരിടുന്നുവെന്നും കിർത്താഡ്സ് ഡയറക്ടർ സർക്കാരിനെ അറിയിച്ചു.
ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ മ്യൂസിയം നിർമാണത്തിലെ സ്വീകരിച്ചതുപോലെ ദേശീയ ടെൻഡർ എന്ന നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്നാണ് കാർത്താഡ്സ് ഡയറക്ടർ കത്ത് നൽകിയത്. കേരള മ്യൂസിയം എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് നവംമ്പർ 11ന് അറിയിച്ചു. അതിനാലാണ് ധാരണാപത്രം റദ്ദ് ചെയ്തത്.
തെക്കേയിന്ത്യയില്‍ നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ സായുധ കലാപമാണ് പഴശി കലാപം. ഈ പോരാട്ടത്തിന്റെ ചരിത്രത്തില്‍ വയനാട്ടിലെ കുറിച്യ സമുദായമാണത് മുന്നില്‍ നിന്ന് നയിച്ചത്. എന്നാല്‍ ഗോത്ര സേനാനി എന്ന നിലയില്‍ തലയ്ക്കല്‍ ചന്തു എന്ന പേര് മാത്രമാണ് രേഖകളിലുള്ളത്. എന്നാല്‍ ഈ പേരിനു പുറമേ അതിലുമേറെ അറിയപ്പെടാത്ത, രേഖപ്പെടുത്താത്ത പേരുകളാണ് അനവധി.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ വിഭാഗക്കാർ നൽകിയ സംഭാവനകൾ പരിഗണിച്ച് അവരുടെ സംഭാവനകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക മ്യൂസിയങ്ങൾ സ്ഥാപിക്കാൻ 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഏതാണ്ട് ആറ് വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഡി.പി.ആർ പോലുമുണ്ടായില്ല..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.