ആദിവാസി ഫണ്ട് തട്ടിപ്പ്: കരാറുകാരനെതിരെ റവന്യൂ റിക്കവറി നടത്തണമെന്ന് ഗോത്ര കമ്മീഷൻ
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി ഫണ്ട് തട്ടിയെടുത്ത കരാറുകാരനെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കണമെന്ന് പട്ടകിജാതി ഗോത്ര കമ്മീഷന്റെ ഉത്തരവ്. കരാറുകാരൻ തട്ടിയെടുത്ത തുക തിരിച്ചുപിടിക്കണമെന്നും തട്ടിപ്പ് നടത്തിവർക്കെതിരെ നിയമനടപടി സ്വീകരിക്കണെന്നും കമ്മീഷൻ ചെയർമാർ ബി.എസ് മാവോജി പാലക്കാട് കലർക്ക് നിർദേശം നൽകി. അട്ടപ്പാടി കോട്ടത്തറ സ്വദേശി എം.ബിജുകുമാർ കമ്മീഷന് നൽകിയ പരാതിയിലാണ് ഉത്തരവ്.
റിപ്പോർട്ട് പ്രകാരം 2006-2007 സാമ്പത്തിക വർഷത്തിൽ അഗളിയിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുന്നതിന് അധിക കേന്ദ്രസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വകുപ്പ് 35.79 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമാനുസൃതം ടെൻഡർ നടപടികൾ സ്വീകരിച്ചു. കുറഞ്ഞ തുക കോട്ട് ചെയ്ത ആളെ മാർച്ച് 23ന് നിർമാണം ഏൽപ്പിച്ചു. പ്രോജക്ട് ഓഫീസറും കരാറുകാരനും തമ്മിൽ ഉടമ്പടി ഒപ്പുവച്ചു.
എസ്റ്റിമേറ്റ് തുകയുടെ 30 ശതമാനം 9.71 ലക്ഷം 2007 ഏപ്രിൽ 27ന് നൽകി. അസിസ്റ്റന്റ് എൻജിനീയറുടെ ശുപാർശയിൽ അധികമായി അഞ്ച് ലക്ഷം രൂപയും 2008 ജനുവരി 29ന് കരാറുകാരന് നൽകി. കരാർ ഉടമ്പടി പ്രകാരം 2008 മാർച്ച് 31-ന് നിർമ്മാണം പൂർത്തിയാക്കണം. എന്നാൽ, പലതവണ രജിസ്ട്രേഡ് നോട്ടീസ് അയച്ചിട്ടും കരാറുകാരന് നിർമാണം പൂർത്തിയാക്കാൻ താല്പര്യം കാണിച്ചില്ല. നിർമ്മാണം പൂർത്തിയാകാത്തതിനാൽ കരാർ അവസാനിപ്പിക്കാനും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം റവന്യൂ റിക്കവറി വഴി ഈടാക്കാനും തീരുമാനിച്ചു.
നിർമാണം നടത്തിയതിന്റെ തുക കണക്കാക്കി അത് കിഴിച്ച് ബാക്കി 18 ശതമാനം പലിശയും റിക്കവറി ചെയ്യുന്നതിനായി പാലക്കാട് കലക്ടർക്ക് 2009 ഓഗസ്റ്റ് 17ന് അപേക്ഷ സമർപ്പിച്ചു. റവന്യൂ റിക്കവറി സ്വീകരിച്ച സാഹചര്യത്തിൽ കരാറുകാരൻ പണി പുനരാരംഭിക്കാൻ രേഖാമൂലം താൽപര്യം അറിയിച്ചു. അതിൻറെ അടിസ്ഥാനത്തിൽ 2010 ജൂലൈ 24ന് ഈ കരാറുകാരനെതിരായ റവന്യൂ റിക്കവറി നടപടികൾ മൂന്ന് മാസത്തേക്ക് നിർത്തിവെക്കാൻ പ്രോജക്ട് ഓഫീസർ കലക്ടർക്ക് കത്ത് നൽകി. തുടർന്ന് പ്രോജക്ട് ഓഫീസർ കരാറുകാരനെ 2011 ഫെബ്രുവരി 25ന് മൂന്നുലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാൽ, അടുത്ത രണ്ട് വർഷവും നിർമാണം പൂർത്തികരിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് പ്രോജക്ട് ഓഫീസർ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ട്.പ്രോജക്ട് ഓഫീസർ കരാറുകാരന് കത്ത് നൽകിയെങ്കിലും നിർമാണം പൂർത്തിയാക്കുന്നതിനു താൽപര്യം കാണിച്ചില്ല.
2014 ജൂലൈ രണ്ടിന് അതുവരെയുള്ള നിർമാണം വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് എഞ്ചിനീയർ നിർദ്ദേശം നൽകി. നിർമാണത്തിന്റെ് എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ ആകെ 10.28 ലക്ഷം രുപയുടെ പ്രവർത്തികൾ മാത്രമാണ് പൂർത്തിയാക്കിയതെന്ന് റിപ്പോർട്ട് ചെയ്തു. കരാറുകാരനെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ 2014 ജൂലൈ മൂന്നി ഉത്തരവിട്ടു. റവന്യൂ റിക്കവറി നടപടികൾ ഓൺലൈൻ പോർട്ടൽ സംവിധാനത്തിലേക്കു മാറിയതിനാൽ നടപടി സ്വീകരിക്കാനായില്ലെന്നാണ് ട്രൈബൽ ഓഫിസർ നൽകിയ കമ്മീഷന് മുന്നിൽ നൽകിയ മറുപടി. ഓൺലൈൻ വഴിയുള്ള അപേക്ഷ നൽകലും ഓൺലൈൻ പോർട്ടലിൽ സംബന്ധിച്ച സാങ്കേതിക പരിജ്ഞാന കുറവ് തുടർ നടപടികൾക്ക് തടസമായെന്നും ഓഫിസർ പറഞ്ഞു.
2014 മെയ് 28ന് നിലച്ചുപോയ ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ പാലക്കാട് ജില്ലാ നിർമ്മിതികേന്ദ്രം 34.60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് തയാറാക്കി. അതിന് ഭരണാനുമതി ലഭിച്ചു. ഇപ്പോൾ ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഈ കെട്ടിടത്തിൽ ഹോസ്റ്റൽ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ഐ.ടി.ഡി.പി ഓഫീസർ അറിയിച്ചു. എന്നാൽ കരാറുകാരൻ തട്ടിയെടുത്ത് തുക തിരിച്ചുപിടിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. അട്ടപ്പാടിയിൽ നിരന്തരം അരങ്ങേറുന്ന തട്ടിപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.