ആദിവാസി ഫണ്ട് ലാപ്ടോപ്പിന് അനുവദിച്ചത് 2.25 കോടി; ചെലവഴിച്ചത് ഏഴ് ലക്ഷം
text_fieldsകൊച്ചി: ആദിവാസി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണത്തിന് 2019-20ൽ അനുവദിച്ചത് 2.25 കോടിയിൽ ചെലവഴിച്ചത് ഏഴ് ലക്ഷമെന്ന് എ.ജി. ആദിവാസികൾക്ക് 2019-2020 കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 14 പദ്ധതികൾക്കുള്ള തുകയിൽ ചെലവഴിച്ചത് 17.69 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അനുവദിച്ച 305 കോടിയിൽ 53.98 കോടിയാണ് ചെലവഴിച്ചത്. മൂന്ന് പദ്ധതികൾക്ക് അനുവദിച്ച തുകയിൽ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല.
ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് 55 കോടി അനുവദിച്ചു. ചെലവഴിച്ചത് 24.06 കോടി. പ്രത്യേക പദ്ധതിക്കുള്ള പൂൾഡ് ഫണ്ട് അഞ്ചു കോടി അനുവദിച്ചതിൽ 1.43 കോടി ചെലവഴിച്ചു. യുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനുള്ള സഹായം-10കോടിയിൽ ചെലവഴിച്ചത് 4.31 കോടി. ഊരുകൂട്ടങ്ങളുടെ സംഘാടനത്തിന് അനുവദിച്ച 70 ലക്ഷത്തിൽ ചെലവഴിച്ചത് 26.92 ലക്ഷം മാത്രം. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഫണ്ടുകൾ ആദിവാസികൾക്ക് നിഷേധിക്കുകയാണ് വകുപ്പ് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആദിവാസി ഊരുകളിൽ സുസ്ഥിര വികസനത്തിന് പ്രത്യേക പാക്കേജായി 100കോടി അനുവദിച്ചതിൽ 20.40 കോടി ചെലവഴിച്ചു. ലൈഫ് മിഷന് കീഴിലുള്ള ഭവനരഹിതരായ ആദിവാസി ഭവന പദ്ധതിക്ക് 102 കോടി അനുവദിച്ചതിൽ 64.46 ലക്ഷമാണ് ചെലവഴിച്ചത്. വൊക്കേഷനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് 60 ലക്ഷം അനുവദിച്ചു. ചെലവഴിച്ചതാകട്ടെ 17.14 ലക്ഷം. കാർഷിക വരുമാന സംരംഭത്തിന് അനുവദിച്ച 15 കോടിയിൽ ചെലവഴിച്ചത് 2.58 കോടിമാത്രം.
ഇതേ കാലത്തെ കേന്ദ്രസർക്കാർ സ്പോൺസർ ചെയ്ത പദ്ധതികൾക്ക് 14.25 കോടി അനുവദിച്ചതിൽ 3.50 കോടിയാണ് ചെലവഴിച്ചത്. ആർട്ടിക്കിൾ 275 (1) പ്രകാരം മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ നിർമാണത്തിന് 4.50 കോടി അനുവദിച്ചു. ചെലവഴിച്ചത് 2.18 കോടി. ആദിവാസികൾക്ക് മൾട്ടി പർപ്പസ് ഹോസ്റ്റലിന് ആറ് കോടി അനുവദിച്ചത് ചെലവഴിച്ചിട്ടില്ല. ഗ്രാൻറ് ഇൻ എയ്ഡിലുള്ള വികസന പദ്ധതികൾക്കായി 3.75 കോടി അനുവദിച്ചതിൽ 1.32 കോടി ചെലവഴിച്ചു. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകുന്ന നിയമം നടപ്പാക്കുന്നതിന് 10 ലക്ഷം അനുവദിച്ചതിൽ 1.47 ലക്ഷമാണ് ചെലവഴിച്ചത്.
നയാപൈസ ചെലവഴിച്ചിട്ടില്ലാത്ത പദ്ധതികൾ
മോഡൽ റെസിഡൻഷ്യൽ, ആശ്രമം സ്കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ നിർമാണത്തിന് 12 കോടി, വയനാട് ഗോത്രഭാഷാ കലാ പഠന കേന്ദ്രത്തിന് 10 ലക്ഷം, പരമ്പരാഗത ഗോത്ര വൈദ്യന്മാർക്ക് സാമ്പത്തിക സഹായം 34.50 ലക്ഷം, ആദിവാസി ഹോസ്റ്റലുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ രണ്ട് കോടി എന്നിവയിൽ നയാപൈസ ചെലവഴിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.