അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിക്ക് പീഡനം: മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsകൊച്ചി: പാലക്കാട് അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും മുഖ്യമന്ത്രിക്ക് പരാതി നൽകി.
അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 വയസുള്ള അമ്മയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. 36കാരിയുടെ കുട്ടികളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി ഇയാൾ കഴിഞ്ഞ മൂന്നുവർഷമായി കുടുംബത്തിൽ കയറിക്കൂടിയെന്ന് പരാതിയിൽ പറയുന്നു. ആദിവാസി വിധവയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. 36കാരിക്ക് അഗളി വില്ലേജിൽ 1.72 ഏക്കർ ഭൂമി പാരമ്പര്യമായിട്ടുണ്ട്. ഇവരുടെ ഭർത്താവിന്‍റെ പിതാവിന്‍റെ പേരിലാണ് ഭൂമി. അതിൽ നിന്ന് അഞ്ച് സെൻറ് അഞ്ചുവർഷത്തേക്ക് ഇവർ മറ്റൊരു സ്ത്രീക്ക് പാട്ടത്തിന് നൽകി. ഈ ഭൂമിയിൽ ഷൈൻ ചാക്കോ നിയമവിരുദ്ധമായി വാഹനങ്ങളുടെ വാട്ടർ സർവീസ് സ്റ്റേഷൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.
വിധവയുടെ മൂന്നാമത്തെ ആൺകുട്ടിയെ ഇവിടെ ബാലവേല ചെയ്യിച്ചു. സ്വന്തം അമ്മക്കും സഹോദരിക്കും എതിരെ നടക്കുന്ന പീഡനങ്ങൾക്ക് മുന്നിൽ ആൺകുട്ടി നിസഹായനായി നിന്നു. ഒടുവിൽ ഇതിനെ എതിർത്തതിനെടുർന്ന് കുട്ടിയെ മർദ്ദിച്ചു. ആൺകുട്ടി പീഡനങ്ങൾക്കെല്ലാം സാക്ഷിയാണ്. വിധവയുടെ രണ്ടാമത്തെ പെൺകുട്ടിയെയും വിധവയുടെ ബന്ധുവായ 17 വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
പാലക്കാട് കഞ്ചിക്കോട്ടെ ഹോസ്റ്റലിൽ കുട്ടിയെ വിടുന്നതിന് ഷൈൻ ചാക്കോ അമ്മയെയും മകളെയും കാറിൽ കൊണ്ടുപോയിരുന്നു. മലമ്പുഴയിൽ റൂമെടുത്ത് അമ്മക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം മകളെ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം തിരിച്ചറിഞ്ഞ് സെപ്റ്റംബർ 18ന് കാട്മൂപ്പൻ അഗളി ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകി. തന്‍റെ മകളെ ചാക്കോ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിധവയും 29ന് പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും ചാക്കോയെ അറസ്റ്റ് ചെയ്തില്ല. ചാക്കോക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഇവർ ആരോപിക്കുന്നു.
അതേസമയം കേസ് നൽകിയ ആദിവാസികൾക്കെതിരെ ഷൈൻ ചാക്കോ ഭീഷണി മുഴക്കുകയാണ്. ഇരകളായവരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തൽ തുടരുകയാണെന്നും ഇവർ പറയുന്നു. നവംബർ അഞ്ചിന് തായ്കുല പ്രവർത്തകർ അഗളി ഡിവൈ.എസ്.പിയെ നേരിട്ട് കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു.
ചോർന്നൊലിക്കുന്ന വീട്ടിലാണ് ഈ ആദിവാസി കുടുംബം താമസിക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന ഇവരെ സർക്കാർ സംവിധാനങ്ങളൊന്നും ശ്രദ്ധിച്ചിട്ടില്ല. വിധവയുടെയും കുട്ടികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.