‘ആദിവാസികള്‍ വനത്തിലെ യഥാർഥ താമസക്കാർ, കുടിൽ പൊളിക്കാനാവില്ല’; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി ആദിവാസി ക്ഷേമ വകുപ്പ് മുൻ കമീഷണര്‍
text_fieldsകോഴിക്കോട്: മാനന്തവാടി കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കത്തെഴുതി ആദിവാസി ക്ഷേമ വകുപ്പ് മുൻ കമീഷണര്‍ ഡോ. ഇ.എ.എസ് ശര്‍മ. ആദിവാസികള്‍ വനത്തിലെ യഥാർഥ താമസക്കാരാണെന്നും അവരെ മാറ്റിപ്പാര്‍പ്പിക്കാനോ കുടില്‍ പൊളിക്കാനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും കത്തിൽ പറയുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഡോ. ശർമ കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിലെ വിവിധ വകുപ്പുകളില്‍ സെക്രട്ടറി പദവികളില്‍ ജോലി ചെയ്തിട്ടുള്ള ഡോ. ശര്‍മ, ആദിവാസി ക്ഷേമ വകുപ്പ് കമീഷണറായിരിക്കെ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ജനകീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്.
ഇ.എ.എസ് ശര്‍മയുടെ കത്തിന്റെ പൂർണരൂപം:
From
ഇ.എ.എസ് ശര്‍മ
മുന്‍ ആദിവാസി ക്ഷേമ കമീഷണര്‍ (ആന്ധ്രപ്രദേശ്)
ഇന്ത്യ ഗവണ്മെന്റ് മുന്‍ സെക്രട്ടറി
To
ശ്രീമതി ശാരദാ മുരളീധരന്
ചീഫ് സെക്രട്ടറി
കേരള ഗവണ്മെന്റ്
പ്രിയ ശ്രീമതി മുരളീധരന്,
വിഷമിപ്പിക്കുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ കണ്ടു (https://search.app/?link=https://www.onmanorama.com/news/kerala/2024/11/25/tribal-huts-demolished -wayanad-protests-erupt-against-forest-officials.amp.html&utm_campaign=aga&utm_source=agsadl2,sh/x/gs/m2/4) വയനാട് വന്യജീവി സങ്കേതത്തിലെ (ഡബ്ല്യുഡബ്ല്യുഎസ്) തോല്‍പ്പെട്ടി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ ബേഗൂരിലെ കൊല്ലിമൂല ആദിവാസി സെറ്റില്‍മെന്റിലെ മൂന്ന് ആദിവാസി കുടിലുകള്‍ തകര്‍ത്തതിന് ഉത്തരവാദി വനം വകുപ്പ് ഉദ്യോഗസ്ഥര്‍'' എന്ന് ആ വാര്‍ത്ത സൂചിപ്പിക്കുന്നു.
ആദിവാസികള്‍ വനങ്ങളിലെ യഥാർഥ താമസക്കാരാണ്, അവരെ മാറ്റിപ്പാര്‍പ്പിക്കാനോ അവരുടെ കുടില്‍ പൊളിക്കാനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. മാത്രമല്ല, വനം (അവകാശങ്ങള്‍) നിയമം [പട്ടികവര്‍ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങളുടെ അംഗീകാരം) നിയമം, 2006] പ്രകാരം, അവര്‍ക്ക് വനങ്ങളില്‍ തൊഴില്‍പരമായ അവകാശങ്ങളും സാമൂഹിക അവകാശങ്ങളും ഉണ്ട്.
നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രാദേശിക ആദിവാസി ഗ്രാമസഭകള്‍ക്ക് പ്രധാന പങ്കുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം അവകാശങ്ങള്‍ അവഗണിക്കുകയും നിയമം ലംഘിക്കുന്നതിനൊപ്പം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ നടപടി 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകളും ആകര്‍ഷിക്കുന്നു.
ഈ വിഷയം അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യർഥിക്കുന്നു, കൂടാതെ ആദിവാസികള്‍ക്ക് അവരുടെ സ്വത്ത് നഷ്ടത്തിനും അവര്‍ നേരിട്ട മാനഹാനിക്കും നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
ഞാന്‍ താങ്കളുടെ സ്ഥാനത്താണെങ്കില്‍, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
എല്ലാ ആശംസകളും,
വിശ്വസ്തതയോടെ,
ഇ.എ.എസ് ശര്‍മ, വിശാഖപട്ടണം.
കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പില്ലാതെയാണ് തിരുനെല്ലി പഞ്ചായത്തിലെ നാലാം വാർഡായ ബേഗുർ കൊല്ലി മൂലയിലെ ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചുനീക്കിയത്. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസികളുടെ കുടിലുകൾ പൂർണമായി പൊളിച്ചത്.
വിധവയായ മീനാക്ഷി, അനിൽ, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചുനീക്കിയത്. വനാവകാശ നിയമം കാറ്റിൽ പറത്തിയാണ് വനം വകുപ്പ് നടപടിയെന്ന് ആരോപണമുണ്ട്. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.
വഴിയാധാരകപ്പെട്ടവരെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കാട്ടിക്കുളം ബേഗൂർ വനം ഓഫിസിൽ താമസിപ്പിച്ചു. വിവരമറിഞ്ഞ് ടി. സിദ്ദീഖ് എം.എൽ.എ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, ജില്ല സെക്രട്ടറി മോഹൻദാസ് കാട്ടിക്കുളം എന്നിവർ സ്ഥലത്തെത്തി.
അതേസമയം, വയനാട് വന്യജീവി സങ്കേതത്തിലെ തോല്പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്റിൽ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്ഷന് അടക്കം കര്‍ശന അച്ചടക്കനടപടി സ്വീകരിക്കാന്‍ ഭരണവിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.