അട്ടപ്പാടിയിൽ ആദിവാസി ഭൂമി പിടിച്ചെടുക്കൽ: വസ്തുതാന്വേഷണ സമിതി സന്ദർശനം നടത്തി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ ആദിവാസി ഭൂമി വൻ പൊലീസ് സന്നാഹത്തോടെ പിടിച്ചെടുത്ത വടക്കേ കടമ്പാറയിൽ വസ്തുതാന്വേഷണ സമിതി സന്ദർശനം നടത്തി. സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സന്ദർശനം നടത്തിയത്. ആദിവാസി ഭൂമി പടിച്ചെടുത്തുവെന്ന മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് അന്വേഷണത്തിന് സമിതി അട്ടപ്പടിയിലെത്തിയത്.
കോട്ടത്തറ വില്ലേജിലെ പാപ്പൻ, ഭാര്യ പപ്പ, പെരുമാൾ എന്നിവർ താമസിക്കുന്ന വടക്കെ കടമ്പാറ ഊരിലെത്തി ആദിവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചിന്നൻ എന്ന ആദിവാസിയുടെ പാരമ്പര്യ അവകാശികളാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ. 50 വർഷത്തിൽ കൂടുതലായി ഇവിടെ താമസിക്കുകയാണന്ന് പപ്പ പറഞ്ഞു. പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ ഓർമ്മ വെച്ച കാലം മുതൽ കൃഷി ചെയ്തു ജീവിക്കുകയാണ്. ലാൻഡ് ബോർഡിൽ നിന്ന് 1210/1 സർവ്വേ ആയി പട്ടയം ലഭിച്ച ഭൂമിയാണിത്. പ്രിലിമിനറി സർവേ രജിസ്റ്ററിൽ ആദിവാസിയായ ചിന്നന്റെ പേരിൽ 2.41 ഹെക്റ്റർ ഭൂമി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് സർവേ 1210/2ൽ കുള്ളൻ എന്ന ആദിവാസിയുടെ പേരിലും ഭൂമിക്ക് പട്ടയമുണ്ടെന്ന് പെരുമാൾ പറഞ്ഞു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മാഫിയകൾ അനുകൂല വിധി സമ്പാദിക്കുമ്പോൾ അത് നടപ്പിലാക്കി എടുക്കുന്നതിനായി സർക്കാർ ഏജൻസികൾ കാണിക്കുന്ന വ്യഗ്രത ആദിവാസികൾക്കനുകൂലമായ വിധികൾ നടപ്പിലാക്കുന്നതിൽ ഒട്ടും കാണുക്കുന്നില്ല എന്ന കാര്യവും വസ്തുതാന്വേഷണ സമിതിക്ക് ബോധ്യപ്പെട്ടു.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ആദിവാസികളുടെ എതിർപ്പിനെ മറികടന്ന് മൂന്നേക്കർ ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി കെട്ടുകയും അവശേഷിക്കുന്ന ഭൂമി ഒരാഴ്ച്ചക്കകം ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് റവന്യൂ ഉദ്യോസ്ഥന്മാർ ആദിവാസി കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. ഈ തർക്കങ്ങളിൽ1999 ലെ നിയമമനുസരിച്ചുള്ള അവകാശങ്ങൾ പോലും ആദിവാസികൾക്ക് നിഷേധിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥർ.
ആദിവാസി ഭൂമിക്ക് വ്യാജരേഖകൾ നിർമിച്ച് നൽകുന്നത് റവന്യൂ അധികാരികളുടെ സഹായത്തോടെയാണ്. വ്യാജമായ നികുതി രസീതുകൾ തയാറാക്കി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയെടുക്കുയാണ് കൈയേക്കാർ. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടികൾ എടുക്കാൻ റവന്യൂ വകുപ്പ് മേധാവികൾ തയാറാകണമെന്ന് അന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
എ.എം സ്മിത, സിന്ധു കെ. ശിവൻ, ടി സി സുബ്രഹ്മണ്യൻ, എ.എം. അഖിൽ കുമാർ, കെ.വി പ്രകാശ് തുടങ്ങിയവരാണ് വിവരശേഖരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.