അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി
text_fieldsകോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്റെ നിർദേശം. ചീരക്കടവിലെ ആദിവാസികൾ ആദ്യം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിന് കൈമാറിയത്.
പുതൂർ പഞ്ചായത്തിലെ ചീരക്കടവിൽ താമസിക്കുന്ന രങ്കി, രാമി, കാളി എന്നീ ആദിവാസി സ്ത്രീകൾ മെയ് 20നാണ് ആദ്യം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് പരാതിയിന്മേൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് അട്ടപ്പാടി പുതൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദിവാസികളെ വിളിപ്പിച്ചു. ആദിവാസികൾ ഭൂരേഖകളും മറ്റും പരിശോധനക്ക് ഹാജരാക്കിയെങ്കിലും യാതൊരു രേഖകളും ഹാജരാക്കിയില്ലായെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്.
അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആദിവാസികൾ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയവരെ സഹായിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പരാതിയിൽ ആദിവാസികൾ രേഖപ്പെടുത്തിയിരുന്നു. ആദിവാസി ഭൂമി സംബന്ധിച്ച വില്ലേജ് രേഖയും ഒറ്റപ്പാലം ആർ.ഡി.ഒയുടെ ഉത്തരവിന്റെ പകർപ്പും മുഖ്യമന്ത്രിക്ക് പരാതിക്കൊപ്പം അയച്ചിരുന്നു. ടി.എൽ.എ കേസ് നിലിവിലുള്ള ഭൂമിയിൽനിന്ന ആദിവാസികളെ കുടിയിറക്കിയാൽ 1999 ലെ നിയമപ്രകാരം ആദിവാസികൾക്ക് പകരം ഭൂമി സർക്കാർ പതിച്ചുനൽകണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടിരുന്നു. ആദിവാസി ഭൂമിയിൽ കൈയേറ്റം നടത്താൻ ഒത്താശ ചെയ്യുന്ന വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്.
പാടവയൽ വില്ലേജിൽ സർവേ 735/1-ൽ 2.16 ഏക്കർ ഭൂമി പരാതിക്കാരുടെ പിതാവ് ആണ്ടിയുടെ പേരിലുണ്ടായിരുന്നു. ഈ ആദിവാസി കുടുംബം കശുമാവ് കൃഷി ചെയ്യുന്ന ഭൂമി വിലക്കു വാങ്ങിയെന്ന് ചിലർ അവകാശപ്പെട്ട് ചിലർ എത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച എ.ആൻഡ് ബി. രജിസ്റ്ററിന്റെയും, ഒറ്റപ്പാലം ആർ.ഡി.ഒയുടെ 1975 ലെയും 1999 ലെയും നിയമങ്ങളനുസരിച്ച് ഉത്തരവിന്റെയും (ടി.എൽ.എ.1162/87) പകർപ്പും ഹാജരാക്കി. ഭൂമിയിൽ കയറിയാൽ ആദിവാസികളെ കൊല്ലുമെന്ന് ഭൂമി വിലക്ക് വാങ്ങിയെന്ന് അവകാശപ്പെടുന്നവർ
ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇവർ മറ്റാരിൽ നിന്നോ ഭൂമി വിലക്ക് വാങ്ങി എന്നാണ് പറയുന്നത്. ആദിവാസികൾ ഈ ഭൂമി വിൽപ്പന നടത്തുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പരിതായിൽ വ്യക്തമാക്കിയിരുന്നു. പരാതി അന്വേഷണത്തിന് ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിന് കൈമാറിയെന്ന് ആദിവാസികൾ മാധ്യമം ഓൺ ലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.