അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: സർക്കാർ ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെ.ഇ. ഇസ്മയിൽ
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിൽ സർക്കാർ ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുൻമന്ത്രി കെ. ഇ. ഇസ്മയിൽ. അട്ടപ്പാടിയിലെ ആദിവാസികൾ കടുത്ത ചൂഷണമാണ് നേരിടുന്നത്. മാധ്യമം വാർത്തകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം വ്യാജരേഖയുണ്ടാക്കി നടക്കുന്ന ഭൂമി കൈയേറ്റം വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം 'മാധ്യമം ഓൺലൈനോട്' പറഞ്ഞു.
ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവരെ വിടരുത്. എല്ലാ പാർട്ടികളിലും ഇത്തരം ആളുകൾ ഉണ്ടാകും. സർക്കാർ ഇക്കാര്യത്തിൽ ദയാദാക്ഷണ്യം ഇല്ലാതെ നടപടിയെടുക്കണം. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കുന്നതിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ആദിവാസി ഭൂമി കൈയറ്റത്തിന് അറുതി വരുത്തണം. വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി കൈയേറിയവരുടെ വ്യാജ ആധാരങ്ങൾ പരിശോധിച്ച് അവരെ ഒഴിപ്പിക്കണം. സത്യസന്ധമായി അന്വേഷിച്ചാൽ വ്യാജരേഖകൾ നിഷ്പ്രയാസം കണ്ടെത്താൻ കഴിയും.
1999ലെ നിയമം നടപ്പാക്കാൻ താൻ മന്ത്രിയായിരുന്നപ്പോൾ ആദിവാസികൾക്ക് ഭൂമി നൽകാൻ ദീർഘമായ പദ്ധതി തയാറാക്കിയിരുന്നു. ആദിവാസി മൂപ്പന്മാരുടെ യോഗം വിളിച്ചാണ് എല്ലാ കാര്യങ്ങളും ചർച്ച ചെയ്തത്. 300 ഏക്കർ ഭൂമിക്ക് പട്ടയവും തയാറാക്കി. പട്ടയ വിതരണത്തിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും സുകുമാർ അഴീക്കോടുമാണ് അട്ടപ്പാടിയിൽ എത്തിയത്. ഭൂമിയിൽ കാപ്പി കൃഷി നടത്തുന്നതിന് കോഫി ബോർഡുമായി ചർച്ച നടത്തി. കാപ്പി കൃഷിക്കായി സർക്കാർ ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചത്.
ആദിവാസികളുടെ പേരിലാണ് ഈ പണം നൽകിയത്. ആദിവാസികളുടെ പട്ടയ ഭൂമിയുടെ രേഖകൾ കോഫി ബോർഡിൻറെ കൈവശമുണ്ട്. ആ വർഷം തന്നെ അവർ കോഫി പ്ലാൻറ് അവിടെ തുടങ്ങിയിരുന്നു. അന്ന് വിതരണം ചെയ്ത പട്ടയഭൂമി ഇപ്പോൾ ആദിവാസികളുടെ കൈവശമില്ലെന്നാണ് വാർത്തവരുന്നത്.
ആദിവാസികൾക്ക് ഭൂമി നൽകുന്ന കാര്യത്തിൽ വളരെ താൽപര്യപൂർവമാണ് അന്ന് സർക്കാർ നടപടികൾ സ്വീകരിച്ചത്. 1996 -2001 കാലത്താണ് ഭൂമി വിതരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. അന്ന് പട്ടയം വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാണോയെന്ന് താൻ നേരിട്ടുപോയി പരിശോധിച്ചിരുന്നു. അതിനുശേഷമാണ് പട്ടയം അനുവദിച്ചത്.
2006 മുതൽ വ്യാപകമായി വ്യാജരേഖകൾ നിർമിച്ചു ആദിവാസി ഭൂമി കൈയേറി തുടങ്ങിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എല്ലാ പാർട്ടിയിലുമുള്ള കുറേ കള്ളന്മാർ ഇതിൽ പങ്കാളികളാണ്. സർക്കാർ ശരിയായ തലത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ആദിവാസി ഭൂമി കൈയറ്റത്തിൽ പങ്കുള്ള രാഷ്ട്രീയക്കാർ ആരായാലും അവർക്കെതിരെ നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കണം. ആദിവാസി ഭൂമി തട്ടിയെടുക്കുന്ന കൊള്ളരുതായ്മ ചെയ്തവരെ ആരും സംരക്ഷിക്കരുത്.
ആദിവാസികൾ പറയുന്നത് പ്രകാരം ഡിജിറ്റൽ സർവേ നടത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്നാണ്. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണം. ആദിവാസി ഭൂമിക്ക് സെറ്റിൽമെൻറ് രേഖ ഉണ്ടാക്കിക്കൊടുക്കാതെ ഡിജിറ്റൽ സർവേ നടത്തിയാൽ സർവേ കഴിയുമ്പോൾ ഭൂമി അവർക്ക് നഷ്ടപ്പെടും. അട്ടപ്പാടിയിലെ പ്രധാന പാർട്ടി സി.പി.ഐ ആണ്. അത് എല്ലാവർക്കും അറിയാം. പണ്ട് അട്ടപ്പാടിയിൽ പാർട്ടിയുണ്ടാൻ കൊങ്ങശേരി കൃഷ്ണനോടൊപ്പം താനും പോയിട്ടുണ്ട്.
സർക്കാർ ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണം. ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കിയത് കണ്ടുപിടിക്കാൻ എളുപ്പമാണ്. മിടുക്കന്മാരും സത്യസന്ധന്മാരുമായ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചാൽ വ്യാജരേഖ കണ്ടെത്താം. വ്യാജരേഖയുടെ പിൻബലത്തിൽ ആദിവാസി ഭൂമി കൈയേറ്റക്കാർക്ക് എഴുതി നൽകാൻ ആവില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ അട്ടപ്പാടിയുടെ മണ്ണിൽ നിന്നും തുടച്ചുനീക്കാൻ പാടില്ല. ഇടതു സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.
റവന്യൂ മന്ത്രി ശക്തമായ അന്വേഷണം നടത്തുന്നതിന് തയാറാകണം. വ്യാജ രേഖ ഉണ്ടാക്കിയവർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൊടുക്കാൻ അല്ല ഡിജിറ്റൽ സർവേ നടത്തേണ്ടത്. ഇക്കാര്യത്തിൽ ആദിവാസികളുടെ പരാതികൾ ഗൗരവപൂർവം പരിശോധിക്കണം. ആദിവാസികൾ ഇപ്പോൾ നീതി തേടി ഹൈക്കോടതിയിൽ എത്തി എന്നാണ് മാധ്യമങ്ങൾ വഴി അറിഞ്ഞത്. ഇക്കാര്യത്തിൽ ആദിവാസികൾക്ക് ഒപ്പമാണ് താൻ. ആദിവാസികളുടെ നീതിക്കുവേണ്ടി ഏതറ്റം വരെ പോകാനും തയാറാണെന്നും കെ.ഇ. ഇസ്മയിൽ മാധ്യമം ഓൺലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.