അട്ടപ്പാടി കാവുണ്ടിക്കലിൽ ആദിവാസി ഭൂമി കൈയേറ്റം
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമി കൈയേറ്റം. അഗളി വില്ലേജിൽ കാവുണ്ടിക്കൽ ആദിവാസി ഊര് ഉൾപ്പെടുന്ന ഊരുഭൂമിയിലാണ് കൈയേറ്റം നടത്തുന്നത്. ഈ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാവുണ്ടിക്കൽ കുന്നൻചാള ജയൻനിവാസിൽ മണിയൻ അഗളി തഹസിൽദാർക്ക് പരാതി നൽകി.
ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്ന് അഡീഷനൽ വില്ലേജ് ഓഫിസർ മാധ്യമം ഓൺലൈനോട് പറഞ്ഞു. വില്ലേജ് രേഖകൾ പരിശോധിച്ചാൽമാത്രമേ ഊരുഭൂമിയാണോയെന്ന് പറയാനുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
മണിയന്റെ അമ്മ വഞ്ചി തമാസിക്കുന്ന വീടിന് മുന്നിലുള്ള സ്ഥലം കാവുണ്ടിക്കൽ കോകിലയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജെ.സി.ബി ഉപയോഗിച്ച് കൈയേറ്റം നടത്തിയയെന്നാണ് മണിയൻ ആരോപിക്കുന്നത്. ഭൂമി കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് മണിയൻ ചീഫ് സെക്രട്ടറിക്കും കത്ത് അയച്ചു.
മണ്ണാർക്കാട് - ആനക്കെട്ടി റോഡിലെ കണ്ണായ സ്ഥലമാണ് കൈയേറുന്നത്. ഊരുഭൂമി ആദിവാസികളിൽ ഓരാൾക്കും വിൽപ്പന നടത്താൻ അവകാശമില്ല. കാവുണ്ടിക്കൽ ഊരിന് എ.എൻ.പി രജിസ്റ്റർ പ്രകാരം നാല് ഏക്കർ ഭൂമിയുണ്ടെന്നാണ് ആദിവാസികളുടെ വാദം. എന്നാൽ സിവിൽ കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ഊരു ഭൂമി കൈയേറാനെത്തിയതെന്നും ആദിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.