Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ ആദിവാസി...

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി
cancel

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടക്കി കൈയേറ്റം നടത്തുന്നുവെന്ന പരാതിയിൽ ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി. അട്ടപ്പാടി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന നടന്ന തെളിവെടുപ്പിൽ 25 ഓളം ആദിവാസികൾ എത്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ നിർദേശപ്രകാരമാണ് പാലക്കാട് ലീഗൽ സർവീസസ് അതോററ്റിയുടെ സെക്രട്ടറി അടക്കമുള്ളവരാണ് തെളിവെടുപ്പിന് എത്തിയത്.

ലീഗൽ സർവീസസ് തയാറാക്കുന്ന റിപ്പോർട്ട് നേരിട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസികൾ ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. മൂലഗംഗൽ ഊരിലെ ശിവാൾ, മൈല, മാരി, ലക്ഷ്മി, മരുതി, നഞ്ചി, ലക്ഷ്മണൻ, വെള്ളകുളം ഊരിലെ രാമി, അയ്യപ്പൻ, കുലുക്കൂർ ഊരിലെ രാമൻ, ശിവൻ, വടകോട്ടത്തറ ഊരിലെ ശിവകുമാർ, വെച്ചപ്പതി ഊരിലെ വേലുസ്വാമി, മുരുകൻ, ചാവടിയൂരിലെ ലക്ഷ്മി, വട്ടലക്കി ഫാമിലെ ടി. ആർ. ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകനായ എം. സുകുമാരൻ തുടങ്ങിയവർ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് തെളിവ് നൽകി.

കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1275 ൽ 224 അക്കർ ഭൂമിയാണ് ആകെയുള്ളത്. അതിൽ 50 ഏക്കർ വനഭൂമിയും 174 ഏക്കർ 36 ആദിവാസി കുടുംബങ്ങളുടെതുമാണെന്ന് വില്ലേജ് രേഖയുണ്ട്. വനഭൂമിയും ആദിവാസി ഭൂമിയും കൈമാറ്റം ചെയ്യാൻ കഴിയില്ല. ഈ സർവേ നമ്പറിൽ 600 അധികം ഏക്കർ ഭൂമിക്ക് വ്യാജ ആധാരം ഉണ്ടാക്കിയെന്നാണ് പരാതി. ഇതേ വില്ലേജിൽ സർവേ നമ്പർ 1819 ൽ 325 ഏക്കർ ഭൂമി മിച്ചഭൂമിയായി 1973 ശങ്കരപ്പ കൗണ്ടറിൽ നിന്ന് സർക്കാർ ഏറ്റെടുത്തു. 1986 ൽ 150 ആദിവാസി കുടുംബങ്ങൾക്കും 1999 ൽ ബാക്കി മുഴുവൻ ഭൂമിയും ആദിവാസികൾക്ക് പട്ടയം നൽകി.

പട്ടയ കടലാസ് അല്ലാതെ ആദിവാസികൾക്ക് ഭൂമി അളന്നു നൽകിയിട്ടില്ല. ഇപ്പോൾ ഈ ഭൂമിയിൽ വൻതോതിൽ കൈയേറ്റവും വില്പനയും നടക്കുന്നുവെന്നാണ് മറ്റൊരു പരാതി. സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ഭൂമി ആദിവാസികൾക്ക് ഭൂമി അളന്ന് രേഖ നൽകാൻ നടപടി ഉണ്ടാകണം. ടി.എൽ.എ കേസുകൾ നിലവിലുള്ള ആദിവാസി ഭൂമികളിൽ യാതൊരുവിധ കൈമാറ്റവും അനുവദിക്കരുത്. ആദിവാസികൾ അല്ലാത്തവർക്ക് ടി.എൽ.എ കേസിലുള്ള ഭൂമിക്ക് നികുതി രസീതും കൈവശ രസീതും നൽകുന്നത് തടയാൻ നടപടി ഉണ്ടാകണമെന്ന് പരാതി നൽകിയവർ ആവശ്യപ്പെട്ടു.

1975 ലെയും 1999 ലെയും നിയമപ്രകാരം ആദിവാസിക്ക് ലഭിക്കേണ്ട ഭൂമി ഇന്നുവരെ ലഭിച്ചിട്ടില്ല. ആദിവാസികൾക്ക് പട്ടയകടലാസുകൾ കൊടുത്ത് റവന്യൂ അധികാരികൾ വഞ്ചിച്ചിരിക്കുകയാണ്. കോടതി വിധിയായ ആദിവാസി ജനനം മുതൽ താമസിച്ചു വരുന്ന ഭൂമിയിൽ ഇപ്പോൾ ഹൈകോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അതിക്രമിച്ച് കയറി ആദിവാസികളെ കുടിയിറക്കാൻ ശ്രമിക്കുകയാണ്.

നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി മേഖലകൾ കുടിയിറക്ക് ഭീഷണിയിലാണ്. അതിനാൽ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ആദിവാസികളുടെ കൈവശമുള്ള ഭൂമിക്ക് അടിയന്തരമായി കൈവരേഖ നൽകാൻ നടപടി സ്വീകരിക്കണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു. ആദിവാസികൾ ഉന്നയിച്ച വിഷയം ഹൈകോടതി ചീഫ് ജസ്റ്റീസിന് റിപ്പോർട്ടായി നൽകുമെന്ന് ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ അറിയിച്ചുവെന്ന് ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. റവന്യൂ, പട്ടികവർഗ വകുപ്പുകളും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttapadiLegal Services AuthorityTribal land grab
News Summary - Tribal land grab in Attapadi: Legal Services Authority takes evidence
Next Story