അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം: ഹിയറിങ് മാറ്റിവെച്ചു
text_fieldsകോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ചൊവ്വാഴ്ച തഹസിൽദാർ വിളിച്ച ഹിയറിങ് മാറ്റിവെച്ചു. പാടവയൽ വില്ലേജ് ഓഫിസിൽ ആദിവാസികൾ എത്തിയെങ്കിലും തഹസിൽദാർ എത്തിയില്ല. ആദിവാസികൾ കാത്തിരുന്ന് മടങ്ങി.
സർവേ നമ്പർ 750/1ലെ ആദിവാസി ഭൂമി 751/1 എന്ന സർവേ നമ്പരിലെ ഹൈകോടതി ഉത്തരവുമായി വന്ന കൈയേറുന്നതിനെ ആദിവാസികൾ തടഞ്ഞിരുന്നു. മാധ്യമം ഓൺലൈനിലൂടെ വാർത്ത പുറത്തുവന്നതോടെ കോടതി ഉത്തരവിലെ സർവേ നമ്പർ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് പിൻവാങ്ങി. അട്ടപ്പാടി തഹസിൽദാർ, പാടവയൽ വില്ലേജ് ഓഫിസർ, ഐ.ടി.ഡി.പി ഓഫിസർ തുടങ്ങിയവർ ചീരക്കടവ് സന്ദർശിച്ചിരുന്നു.
തുടർന്ന് ചെവ്വാഴ്ച ഉച്ചക്ക് 2.30ന് തഹസിൽദാർ ഹിയറിങിന് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച വൈകീട്ടാണ് വില്ലേജ് ഓഫിസിൽനിന്ന് ചീരക്കടവ് ആദിവാസി ഊരിൽ നോട്ടീസ് എത്തിച്ചത്.
ഭൂമിയുടെ അവകാശികളായ ഗാത്ത മൂപ്പന്റെ മകളുടെ മക്കൾ പാടവയൽ വില്ലേജ് ഓഫിസിലെത്തിയെങ്കിലും ഹിയറിങ് നടന്നില്ല. ഗാത്തമൂപ്പന്റെ പേരിലുള്ള ഭൂമി വ്യാജരേഖകളുടെ സഹായത്തോടെ വില്ലേജ് രേഖകളിൽ മാറ്റം വരുത്തി തട്ടിയെടുക്കാൻ ശ്രമിക്കുവെന്നായിരുന്നു പരാതി. അത് സംബന്ധിച്ച് പരാതിക്കാരെ നേരിൽ കേൾക്കനാണ് തഹസിൽദാർ നോട്ടീസ് നൽകിയത്. ഹാജരായില്ലെങ്കിൽ ആദിവാസികൾക്ക് ഒന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നായിരുന്നു നോട്ടീസ് .
ഭൂമിയുടെ അവകാശികൾ ഉൾപ്പെടെ ഊരുലുള്ള ആറുപേർക്കാണ് നോട്ടീസ് നൽകിയത്. തൊഴിലുറപ്പ് പദ്ധതിക്ക് പോകാതെയാണ് ആദിവാസികൾ വില്ലേജ് ഓഫിസിൽ എത്തിയത്. എന്നാൽ പാടവയൽ വില്ലേജ് ഓഫിസർ ഒരാഴ്ച കാലത്തേക്ക് അവധിയിൽ പ്രവേശിച്ചു. പുതൂർ വില്ലേജ് ഓഫിസർക്ക് ചാർജ് നൽകിയെന്ന് അദ്ദേഹം മാധ്യമം ഓൺലൈനോട് പറഞ്ഞു. ഓഫിസിൽ വാഹനമില്ലാത്തിനാലാണ് ഹിയറിങ് മാറ്റിവെച്ചതെന്ന് അട്ടപ്പാടി തഹസിൽദാരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.