അട്ടപ്പാടിയിലെ ആദിവാസി ഭൂമി: പോരാട്ടത്തിന് ഫലം കാണുന്നു
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള പോരാട്ടത്തിന് ഫലം കാണുന്നു. അട്ടപ്പാടിയിലെ മല്ലീശ്വരിയുടെ മുത്തച്ഛൻ പൊത്തയുടെ ഭൂമി സർവേ ചെയ്യാനാണ് ഇന്ന് വൻ പൊലീസ് സംഘത്തോടൊപ്പം റവന്യു-സർവേ ഉദ്യോഗസ്ഥർ എത്തിയത്. ഹൈകോടതി ഉത്തരവ് പ്രകാരമാണ് ഭൂമി സർവേ ചെയ്തത്.
രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണിവരെ ഭൂ സർവേ നീണ്ടു. ആദ്യം ഈ ഭൂമിയിൽ താമസിക്കുന്ന പലരും തടയാൻ ശ്രമിച്ചെങ്കിലും ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചു. ജനങ്ങളെ കുടിയിറക്കാനല്ല സർവേ നടത്തുന്നതെന്ന് അവർ വ്യക്തമാക്കി. ആദിവാസിയായ പെത്തയുടെ തണ്ടപേരിൽ ഉള്ള ഭൂമി കണ്ടെത്താനാണ് സർവേ നടത്തിയത്.
അഗളി സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനെത്തിയത്. മൂന്നു സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാർ അഗളിയിൽ എത്തിയിരുന്നു. ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ് അഗളി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് അഗളി മേലെ ഊരിലെ ആദിവാസിയായ മല്ലീശ്വരിയുടെ മുത്തച്ഛൻ പൊത്തയുടെ ഭൂമി അന്യാധീനപ്പെട്ട വിഷയം വിവാദമായത്.
അഗളി ടൗണിൽ പൊത്തയുടെ പേരിൽ 5.6 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും ഇത് തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്കാണ് മല്ലീശ്വരി ആദ്യം പരാതി നൽകിയത്. റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ മല്ലീശ്വരി ഹൈകോടതിയിൽ ഹരജി നൽകി. മല്ലീശ്വരിയുടെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് 2023 ഒക്ടോബർ 11ന് ഹൈകോടതി ഉത്തരവിട്ടു. ഇതോടെ അഗളി ഭൂരേഖ തഹസിൽദാർ 2023 നവംമ്പർ 30ന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പ്രകാരം അഗളി വില്ലേജിൽ സർവേ 1129/2 നമ്പരിൽപെട്ട 5.65 ഏക്കർ (2.29 ഹെക്ടർ) ഭൂമി എ ആൻഡ് ബി രജിസ്റ്റർ പ്രകാരം ആദിവാസി പൊത്തയുടെ പേരിലാണ്.
ഭൂമി പട്ടികവർഗ വിഭാഗത്തിൽപെട്ട വ്യക്തിയിൽനിന്നും കൈമറിഞ്ഞു വന്നതാകയാൽ ഈ വിഷയത്തിൽ 1999ലെ കെ.എസ്.ടി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് ഈ ഭൂമിയുടെ അതിർത്തി കൃത്യമായി നിർണയിക്കണം. അതിന്റെ ഭാഗമായി സ്ഥലം സർവേ ചെയ്യാൻ താലൂക്ക് സർവേയർക്ക് സബ് കലക്ടർ നിർദേശം നൽകി. എന്നാൽ, സർവേക്കെതിരെ പ്രദേശത്തെ ജനങ്ങളിൽ നിന്നും പ്രതിഷേധവുണ്ടായി.
ഭൂമി അളക്കാനെത്തിയ ഹെഡ് സർവേയറെ പ്രദേശവാസികൾ തടഞ്ഞു. അട്ടപ്പാടി താലൂക്ക് ഓഫീസ്, അഗളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഉപരോധമുൾപ്പടെ സമരവും നടത്തി. വിഷയത്തിൽ കലക്ടർക്ക് പരാതിയും നൽകി. തൊട്ടടുത്ത ദിവസം ഹെഡ് സർവേയർ പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് അളന്ന് നൽകിയ സംഭവത്തിൽ സസ്പെൻഷനിലായി. അതിനാൽ പൊത്തയുടെ ഭൂമി അളക്കാൻ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ ആദിവാസിയായ പൊത്തയുടെ ഭൂമി സർവേ നടത്തുന്നതിന് റവന്യൂ, സർവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകുന്നതിന് അഗളി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് സബ് കലക്ടർ കത്ത് നൽകുകയായിരുന്നു. കെ.കെ. രമ എം.എൽ.എ അട്ടപ്പാടി സന്ദർശിച്ചപ്പോഴും മല്ലീശ്വരി പരാതി നൽകിയിരുന്നു. സർവേ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം മല്ലീശ്വരിയും സഹോദരനും ഉണ്ടായിരുന്നു. മറ്റുള്ളവർ വീട് വെച്ച് താമസിക്കുന്ന ഭൂമി തരിച്ചുപിടിക്കേണ്ട. പൊത്തയുടെ അവശേഷിക്കുന്ന ഭൂമി തിരിച്ചു സർവേ ചെയ്ത് തരണമെന്നാണ് മല്ലിശ്വരിയുടെ നിലപാട്. അതിനാൽ ജനങ്ങളെ കുടിയിറക്കണമെന്ന് മല്ലിശ്വരി ആവശ്യപ്പെട്ടില്ല.
1975ലെ നിയമം നടപ്പാക്കാനെത്തിയ സബ് കലക്ടറെ കൈയേറ്റം ചെയ്ത അനുഭവം അട്ടപ്പാടിയിലുണ്ട്. രാംരാജ് എന്ന ആദിവാസിയുടെ മുത്തശ്ശിയുടെ ഭൂമി സുപ്രീംകോടതി ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഭൂമി തിരിച്ച് പിടിച്ചു നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനാൽ അട്ടപ്പാടിയിൽ പൊലീസ് സംരക്ഷണയിൽ ആദിവാസി ഭൂമി അളക്കുന്നത് ആദ്യ സംഭവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.