കശുമാവ് തോട്ടം മുറിച്ച് തള്ളിയെന്ന് അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ പരാതി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസികൾ കൈവശം വെച്ചിരിക്കുന്ന ഭൂമിയിലെ കശുമാവുകൾ മുറിച്ച് നീക്കിയതായി പരാതി. നിലവിൽ ഹൈകോടതിയിൽ ഹരജി നൽകിയ ചീരക്കടവിലെ രങ്കിയുടെയും രാമിയുടെയും ഉപജീവനോപാധിയായ കശുമാവ് തോട്ടമാണ് രാത്രിയിൽ മുറിച്ച് തള്ളിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡി.ജിപിയും പാലക്കാട് കലക്ടർക്കും പരാതി നൽകി. വയനാട്ടിൽ വനംവകുപ്പ് ആദിവാസി കുടിലുകൾ പൊളിച്ചടുക്കിയതിന് സമാനമാണ് അട്ടപ്പാടിയിലെ സംഭവം.
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പാടവയൽ വില്ലേജിലെ സർവേ 735 /1ൽ ആണ്ടി മൂപ്പന്റെ പേരിൽ ഭൂയുണ്ടായിരുന്നതായി സെറ്റിൽമെ ന്റ് രേഖയുണ്ട്. റവന്യൂ രേഖകൾ പ്രകാരം 2022 ജനുവരി 19ന് ജെ. പഴനിസ്വാമി(42 ആർ), ജനുവരി 26ന് സുമതി(രണ്ട് ആർ), ഈശ്വരമൂർത്തി (43 ആർ) എന്നിവരാണ് ഭൂമി വാങ്ങിയിരിക്കുന്നത്. മൂന്ന് പേരും കൂടി ആണ്ടി മൂപ്പന്റെ പേരിലുണ്ടായിരുന്ന 2.16 ഏക്കർ ഭൂമിയാണ് കൈമാറ്റം ചെയ്തത്. ഇതിൽ ഈശ്വരമൂർത്തിയുടെ ഭാര്യയാണ് സമുതി. ഇത് കൂടാതെ ഈശ്വരമൂർത്തി 2023 മെയ് 19ന് ഒരേക്കർ ഭൂമി കോയമ്പത്തൂർ സ്വദേശിയായ പങ്കജം അയ്യപ്പന് കൈമാറ്റം ചെയ്തിട്ടുണ്ട്. ഇത് ആദിവാസി ഭൂമിയാണോ എന്നറിയില്ല.
ഹൈകോടതിയിൽ കേസ് നിലനിൽക്കെയാണ് രാമിയുടെയും രങ്കിയുടെയുടെയും ഭൂമിയിലെ കശുമാവുകൾ മുറിച്ച് നീക്കിയത്. നിലവിൽ ഭൂമി ആദിവാസികളുടെ കൈവശമാണ്. കശുമാവുകളിൽനിന്നുള്ള വിളവെടുത്തും കൃഷി ചെയതുമാണ് ഈ ആദിവാസി അമ്മമാർ ജീവിക്കുന്നത്. പരാതി പ്രകാരം ചീരക്കടവിലെ ജയപാലനുമായിട്ടാണ് കോടതിയിൽ കേസ് നിലവിലുള്ളത്. റവന്യൂ രേഖകൾ പ്രകാരം ജയപാലന്റെ മക്കളാണ് ജെ. പഴനിസ്വാമി, ഈശ്വരമൂർത്തി എന്നിവർ. കശുമാവുകൾ മുറിച്ച് നീക്കി ആദിവാസികളെ ഈ ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കാനാണ് ഭൂമിയുടെ പുതിയ ഉടമകളുടെ നീക്കം.
ആദിവവാസി അമ്മമാർ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടത് 1999 ലെ നിയമവും 2009 ലെ സുപ്രീം കോടതി ഉത്തരവും സർക്കാർ നടപ്പാക്കണമെന്നാണ്. നൂറുകണക്കിന് ടി.എൽ.എ (അന്യാധീനപ്പെട്ട ഭൂമി) കേസുകളിൽ കുടിയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവിട്ടു. പകരം ഭൂമിക്ക് ആദിവാസിക്ക് അർഹതയുണ്ടെന്നു മാത്രമാണ് ഉത്തരവിലെ അവസാന വാചകം. നിയമപ്രകാരം പകരം ഭൂമി നൽകാൻ സർക്കാരിനെ ബാധ്യതയുണ്ട്. അത് സർക്കാർ പാലിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
രാമിയുടെയും രങ്കിയുടെയും കേസിൽ 1975 ൽ നിയമസഭ പാസാക്കിയ നിയമപ്രകാരം ടി.എൽ.എ കേസിൽ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നൽകാൻ ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ,1999 ൽ പുതിയ നിയമം പാസാക്കിയതോടെ നാമമാത്ര കർഷകർക്ക് അഞ്ച് ഏക്കർവരെ കൃഷി ഭൂമി കൈവശം വെക്കാം. അഞ്ചേക്കറിലധികമുള്ള ഭൂമി മാത്രമേ ആദിവാസികൾക്ക് തിരിച്ച് നൽകേണ്ടതുള്ളു. 2009 ൽ നിയമം സുപ്രിം കോടതിയും നിയമം അംഗീകരിച്ചതോടെ നടപ്പാക്കി തുടങ്ങി. നിയമപ്രകാരം ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബത്തിന് തത്തുല്യമായ, കൃഷിയോഗവും വാസയോഗ്യവുമായ ഭൂമി സർക്കാർ നൽകണമെന്നാണ്. എന്നാൽ റവന്യൂ വകുപ്പ് നിയമത്തിലെ ഈ വ്യവസ്ഥ പാലിക്കുന്നില്ല. അത് പാലിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
1999 ലെ നിയമം 2009 ൽ സുപ്രീംകോടതി അംഗീകരിച്ചതോടെ ടി.എൽ.എ കേസുകളിൽ ആർ.ഡി.ഒയും കലക്ടറും അഞ്ചേക്കറിൽ കുറവുള്ള ഭൂമിയെല്ലാം കൈയേറിയവർക്ക് വിട്ട് നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ആദിവാസി ഭൂമി കൈവശപ്പെടുത്തയവർ നികുതി അടച്ച് ഭൂമി കൈമാറ്റവും നടത്തി. കേസിലെ ഉത്തരവിന്റെയും അവസാന വാചകം 1999 ലെ നിയമപ്രകാരം ആദിവാസിക്ക് പകരം ഭൂമിക്ക് അവകാശം ഉണ്ടായിരിക്കുമെന്നാണ്. അത് കടലാസിൽ മാത്രം ഒതുങ്ങി. 1999 ലെ നിയമവും 2009 ലെ സുപ്രീം കോടതി ഉത്തരവും സർക്കാർ നടപ്പാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഈ ചരിത്രപരമായ ഇടപെടലിന് ഹൈകോടതിയിൽ ഹാജരായത് അഡ്വ. കെ.ആർ അനീഷാണ്. എന്നാൽ, ഹൈകോടതിയിൽ ഹരജി നിലനിൽക്കെയാണ് കശുമാവ് മുറിച്ച് നീക്കിയത്. ഈ ആദിവാസി അമ്മമാർക്ക് ആരാണ് നീതി ഉറപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.