രാഹുലിന് മുന്നിൽ ദുരിതം നിരത്തി ആദിവാസികൾ
text_fieldsനിലമ്പൂര്‍: കവളപ്പാറ ദുരന്തം കഴിഞ്ഞ് രണ്ടുവര്‍ഷമാകുമ്പോഴും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നതെന്ന് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കവളപ്പാറ കോളനിയിലെ സുമ രാഹുൽ ഗാന്ധിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി. 59 പേര് മരിച്ച ദുരന്തത്തിന് ഇരയായ കുടുംബത്തിന് ക്യാമ്പിൽനിന്ന് വാടകക്ക് വീടെടുത്തുപോകണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, പണമില്ലാത്തിനാല്‍ അതിനും കഴിയുന്നില്ല. മഴക്കാലം വരുമ്പോള്‍ ഇനി എന്തുചെയ്യണം എന്നറിയില്ലെന്ന് സുമ പറഞ്ഞു.
നിലമ്പൂർ ചന്തക്കുന്നിൽ ആദിവാസി അവകാശ സംഗമത്തിലെത്തിയതായിരുന്നു രാഹുൽ. വീടില്ലാത്തതും മികച്ച വിദ്യാഭ്യാസ സൗകര്യം ലഭിക്കാത്തതും വൈദ്യസഹായം ലഭിക്കാനുള്ള പ്രയാസങ്ങളും വീടും സ്ഥലവുമില്ലാത്തതുമടക്കം നിരവധി പ്രശ്നങ്ങളാണ് ആദിവാസി സമൂഹം പങ്കുവെച്ചത്. മുണ്ടേരി ഉള്‍വനത്തിലെ വാണിയംപുഴ കോളനിയില്‍ നിന്നെത്തിയ സുധ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായി കാട്ടില്‍ ഷെഡ് വലിച്ചുകെട്ടി കഴിയുന്ന ദുരിതമാണ് വിവരിച്ചത്.
ചോലനായ്ക്കരില്‍നിന്ന് പിഎച്ച്.ഡിക്ക് പഠിക്കുന്ന വിനോദ് ആദിവാസി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ആവശ്യമാണ് പങ്കുവെച്ചത്. ഓരോ ആദിവാസി വിഭാഗക്കാരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത രാഹുല്‍ഗാന്ധി പ്രസംഗ ശേഷം സുരക്ഷാവിലക്ക് പോലും അവഗണിച്ച് സ്റ്റേജില്‍നിന്ന് അവര്‍ക്കിടയിലേക്കിറങ്ങി. ആദിവാസി സമൂഹത്തിന് വീടും ഭൂമിയും ഉറപ്പുവരുത്താന്‍ ഒരു പോരാളിയെപ്പോലെ താന്‍ മുന്നിലുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പ്രളയം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും ആദിവാസികള്‍ക്ക് വീടുനിര്‍മിച്ചു നല്‍കാന്‍പോലും സര്‍ക്കാര്‍ തയാറാകാത്തത് വേദനാജനകമാണ്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും.
ആദിവാസി മൂപ്പന് പാലന് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, പി.വി. അബ്ദുല്‍വഹാബ് എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സംസ്കാര സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയില്‍ മൂത്തേടം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.