വേണം, പ്രത്യേക സംവരണ പാക്കേജ്
text_fieldsദുർബല വിഭാഗങ്ങൾക്ക് സർക്കാർ ജോലി അപ്രാപ്യമായി തുടരുന്ന പട്ടികവർഗ സംവരണത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ആദിവാസി പുതുതലമുറയിൽനിന്ന് ശബ്ദമുയരുന്നുണ്ട്. പണിയ, കാട്ടുനായ്ക്ക, അടിയ, ഇരുള, ഈരാളി തുടങ്ങി താഴേതട്ടിലുള്ള വിഭാഗങ്ങൾക്ക് പ്രത്യേക സംവരണ പാക്കേജ് ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വയനാട്ടിലെ എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികൾ ഇതിനെ പിന്തുണക്കുന്നുമുണ്ട്. എന്നാൽ, അതിനുള്ള ആത്മാർഥമായ ശ്രമമില്ല.മത്സരപരീക്ഷകളിൽ ജയിച്ച് മുന്നേറാൻ കഴിയുന്ന പരിശീലനത്തിന് സഹായമൊരുക്കിയാൽ ഏറെ ഗുണകരമാകുമെന്ന് കരുതുന്നവരേറെയാണ്. പട്ടികവർഗ വികസന വകുപ്പ് കൽപറ്റയിൽ അമൃദ് എന്ന സ്ഥാപനം മുഖേന നാലു വർഷമായി അറുന്നൂറോളം പട്ടികവർഗ ഉദ്യോഗാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകിയതിൽ 93 പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പേർ മാത്രമാണ് പണിയവിഭാഗത്തിൽ നിന്നുള്ളത്.
വയനാട്ടിലെ പിന്നാക്കം നിൽക്കുന്ന ആദിവാസി യുവാക്കളെ സിവിൽ സർവിസ് മത്സരപരീക്ഷകൾക്കടക്കം സജ്ജമാക്കുന്നതിനായി മുൻ കലക്ടർ കേശവേന്ദ്രകുമാറിെൻറ മനസ്സിൽ പദ്ധതികളുണ്ടായിരുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഈരാളി വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നതിനായി ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം പട്ടികവർഗ വികസന വകുപ്പ് ‘മിഷൻ എൽ.ഡി.സി’ എന്ന പേരിൽ കഴിഞ്ഞദിവസം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിൽപോലും തങ്ങളെ ജോലിക്ക് പരിഗണിക്കാത്ത അവസ്ഥയാണെന്ന് ഗോത്രവിഭാഗങ്ങളിലെ വിദ്യാസമ്പന്നർ പറയുന്നു. സഹകരണ സ്ഥാപനങ്ങളിൽപോലും ഇവരെ ജോലിക്കെടുക്കുന്നില്ല. സ്വകാര്യ സ്കൂളുകളിലടക്കം താൽക്കാലിക അധ്യാപകരുടെ ഒഴിവിൽപോലും പരിഗണിക്കാറില്ല. സ്വകാര്യ മേഖലയിലെ ഒഴിവുകളിലടക്കം തങ്ങളെ പരിഗണിക്കുന്നതിനും അധികൃതരുടെ ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.
ഉന്നത വിദ്യാഭ്യാസം നേടിയ ചുരുക്കം പേരെങ്കിലുമുണ്ടെങ്കിൽ കോളനികളുടെ ദയനീയാവസ്ഥക്ക് പരിഹാരമുണ്ടാകുമെന്ന് വയനാട്ടിലെ ചില കോളനികളെങ്കിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉന്നത യോഗ്യതയുള്ളവർക്ക് ജോലി നൽകാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. പി.ജി. ഹരി പറയുന്നു.
പിന്നാക്കം നിൽക്കുന്ന ആദിവാസി കുടുംബങ്ങളിലെ ഒരാൾക്ക് ജോലി നൽകുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം പണിയ, കാട്ടുനായ്ക്ക, അടിയ, ഇരുള വിഭാഗങ്ങളിൽനിന്നുള്ള വിദ്യാസമ്പന്നരായ യുവാക്കൾ ഉന്നയിക്കുന്നു. ഇങ്ങനെ ജോലിയിലെടുക്കുന്നതിന് ബിരുദമോ പി.ജിയോ യോഗ്യതയായി നിഷ്കർഷിച്ചാൽ മതി. ‘‘ആദിവാസികളെന്ന നിലയിൽ സമൂഹത്തിൽ ഒരുതരത്തിലും അറിയപ്പെടാത്ത ചിലർക്ക്, ഞങ്ങളുടെയൊക്കെ പേരിലുള്ള സംവരണം ജോലിയിലേക്കുള്ള കുറുക്കുവഴിയൊരുക്കുന്നു.
ഒരു സമരം നടത്താൻ പോലുമുള്ള കെട്ടുറപ്പോ തിരിച്ചറിവോ ഇല്ലാത്ത ഞങ്ങൾ പട്ടിണി കിടന്നും കോളനികളിലെ പരിതാപകരമായ അവസ്ഥയിലും ജീവിതം തള്ളിനീക്കുമ്പോൾ തലമുറകൾക്കുമുമ്പേ മതംമാറി സമ്പന്ന ജീവിതം നയിക്കുന്നവർ പട്ടിക വർഗക്കാരെൻറ ആനുകൂല്യങ്ങൾ സ്വായത്തമാക്കുന്നത് നീതീകരിക്കാവുന്നതല്ല. ഇതിൽ നടപടിയൊന്നുമുണ്ടാകുന്നില്ലെങ്കിൽ മുകൾതട്ടിൽ നിൽക്കുന്ന വിഭാഗക്കാർക്കൊപ്പം മത്സരിച്ച് പരാജയപ്പെടാനായിരിക്കും കാലാകാലം ഞങ്ങളുടെ വിധി’’... ഇൗ പരിദേവനത്തിന് ആരാണ് മറുപടി കൊടുക്കുക? (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.