ഓൺലൈനിൽ ഇന്ന് സ്കൂൾ തുറന്നു; ആദിവാസി കുട്ടികൾ ഓഫ്ലൈനിൽ
text_fieldsഅഗളി: ഓണ്‍ലൈന്‍ പഠനത്തിലൂടെ സ്കൂള്‍ പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിെൻറ പരിധിക്ക് പുറത്താവുകയാണ് ആദിവാസി വിഭാഗത്തിലെ നൂറുകണക്കിന് കുട്ടികള്‍. ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നിരിക്കുകയാണ്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാന്‍ ഓണ്‍ലൈന്‍ പഠനമാണ് നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകളും സ്വകാര്യസ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നു. പക്ഷേ, ഇപ്പോഴും പരിമിതമായ ഭൗതിക സൗകര്യങ്ങള്‍ മാത്രമുള്ള ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനം എത്രത്തോളം സാധ്യമാകും. അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഇതിെൻറ നേര്‍ചിത്രം നല്‍കും. വർഷങ്ങളായി തുടർന്നുവരുന്ന പ്രയത്നത്തിെൻറ ഭാഗമായാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിെൻറ നാമ്പുകൾ മുളച്ചുതുടങ്ങിയത്. ഇന്ന് എൻജിനീയർ, ഡോക്ടർമാർ തുടങ്ങി ഏത് മേഖലയിലും ഇവർക്ക് കയറിയെത്തുവാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരും നാളുകൾ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിെൻറ വിദ്യാഭ്യാസം എത്രത്തോളം പിന്നോട്ടുപോകുമെന്ന ആശങ്കയാണ് ഉയരുന്നത്. ആൻഡ്രോയ്ഡ് മൊബൈൽ ഫോണില്ല. കമ്പ്യൂട്ടർ ഇല്ല. മലമടക്കുകളിൽ മൊബൈൽ റേഞ്ച് ഇല്ല. ടി.വി ഇല്ലാത്തവർ ഏറെ. ആശങ്കയുടെ മുൾമുനയിലാണ് ഇവിടെ ഓരോ മാതാപിതാക്കളും. വിക്ടേഴ്സ് ചാനൽ ലഭ്യമാകുന്ന ഇടങ്ങൾ പരിമിതം. പ്രാക്തന ഗോത്ര വിഭാഗം അധിവസിക്കുന്ന ഭൂരിഭാഗം ഇടങ്ങളിലും മൊബൈൽ റേഞ്ചില്ല. ഉള്ള ഇടങ്ങളിൽ തന്നെ ഇൻറർനെറ്റ് ലഭ്യമല്ലതാനും. വളരെ കരുതലോടെയുള്ള പ്രവർത്തനങ്ങളാണ് ഈ വിഭാഗത്തിെൻറ വിദ്യാഭ്യാസത്തിനായി സർക്കാർ നടത്തിവന്നിരുന്നത്. ഒരു സാഹചര്യത്തിൽ ഈ കരുതൽ നഷ്ടമാകുന്നതോടെ ഇവരുടെ വിദ്യാഭ്യാസം താറുമാറാകുന്ന അവസ്ഥയാണുള്ളത്.
ഒട്ടുമിക്ക വീടുകളിലും പഠന സാഹചര്യമില്ല. മാതാപിതാക്കൾക്ക് കുട്ടികളെ ഇക്കാര്യത്തിൽ സഹായിക്കുവാനും കഴിയില്ല. അവർ വിദ്യാസമ്പന്നർ അല്ല. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽനിന്നുമുള്ള വിദ്യാർഥികൾ ഭൂരിഭാഗവും വിവിധ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠനം നടത്തിവരുന്നത്. അവിടെനിന്ന് ലഭിക്കുന്ന കരുതലും മറ്റും അന്യമാകുന്നതോടെ ഇവരുടെ മുന്നോട്ടുള്ള പഠനം വളരെ വെല്ലുവിളി നേരിടുമെന്ന് അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ അധികൃതർക്ക് ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടായിരുന്നു. വീട്ടിലെ ഏറെ പരിമിതമായ സാഹചര്യത്തിൽനിന്നുമാറി പഠിക്കുവാൻ സാഹചര്യമുള്ള ഹോസ്റ്റലുകൾ പോലുള്ള ഇടങ്ങളിലെത്തുവാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർഥികൾ ഗോത്ര സമൂഹത്തിലുണ്ട്. പുതിയ സാഹചര്യം ഇവരുടെ ഭാവിയും ഇരുൾ നിറഞ്ഞതാക്കും. സാമൂഹിക അകലം പാലിച്ച് വിദ്യാഭ്യാസ സൗകര്യം ഒരുക്കുവാൻ കഴിയുന്ന വിവിധ ഇടങ്ങൾ അട്ടപ്പാടിയിലുണ്ട്. പഴയ അഹാഡ്സ് കെട്ടിടങ്ങൾ അടക്കമുള്ളവ ഇതിനായി തുറന്നുകൊടുക്കണമെന്നും സർക്കാർ അനുബന്ധ സേവനങ്ങൾ ഒരുക്കണം എന്നുമാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.