വാക്ക് നൽകി മന്ത്രി; നിറചിരിയോടെ കാളി മൂപ്പത്തി
text_fieldsഅഗളി (പാലക്കാട്): വയസ്സ് നൂറിനോടടുത്ത കാളിയമ്മ ഊരിറങ്ങി ഒരു മണിക്കൂർ നടന്നെത്തിയത് വെറുതെയായില്ല, മന്ത്രിയെ കണ്ടെന്ന് മാത്രമല്ല സർക്കാർ പദ്ധതി തെൻറ ഊരിലെത്തിക്കുമെന്ന ഉറപ്പ് വാങ്ങുകയും ചെയ്തു. ആദിവാസികൾ നേരിടുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ അവർ ശീലിച്ച ഭക്ഷണങ്ങൾ ലഭ്യമാക്കാൻ കൃഷിവകുപ്പ് നടപ്പാക്കുന്ന ‘മില്ലറ്റ് വില്ലേജ്’ പദ്ധതിയിലുണ്ടായ വിളവ് കാണാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വിദൂര ആദിവാസി ഊരായ ദൊഡുഗട്ടിയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ഏതാനും കിലോമീറ്ററുകൾ അകലെയുള്ള വല്ലവട്ടി ഊരിൽനിന്ന് മലയിറങ്ങി വന്ന ഊരുമുത്തശ്ശിയെ ആദിവാസികൾ പരിചയപ്പെടുത്തിയപ്പോൾ മന്ത്രിക്ക് കൗതുകമേറി. ഇവർക്കൊപ്പം നിലത്ത് മന്ത്രിയും ഇരുന്ന് കുശലാന്വേഷണത്തിലേക്ക് കടന്നു. പ്രായമെത്രയെന്ന ചോദ്യത്തിന് ഓർമയിെല്ലന്നും മന്ത്രിതന്നെ ഊഹിച്ചാൽ മതിയെന്നും മറുപടി. ‘‘ഞാൻ മന്ത്രിയാണ്, എന്ത് ആവശ്യമാണ് എന്നോട് പറയാനുള്ളത്’’ എന്ന് സുനിൽകുമാർ ആരാഞ്ഞതോടെ കാളി മൂപ്പത്തിയിൽനിന്ന് കൃത്യമായ മറുപടി വന്നു. ‘‘എെൻറ ഊരിലും ചാമയും റാകിയും തുവരയും ഒക്കെ വിളയിക്കണം. ഇക്കാലമത്രയും ആരോഗ്യത്തോടെ ജീവിക്കാൻ കാരണം റാകിയും തുവരയും ചാമയും തിനയുമൊക്കെ കഴിച്ചതിനാലാണ്. അത് തിരികെ തരണം. പിന്നെ ‘രാജയെ’ (കാട്ടാനയെ) നിലക്കുനിർത്തണം. വെള്ളം കൊണ്ടുവരണം’’.
ഒരു നിമിഷം മുത്തശ്ശിയെ നോക്കിയ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉടൻ മറുപടി വന്നു. ‘‘ചെറുധാന്യ പദ്ധതി കാളി മൂപ്പത്തിയുടെ ഊരായ വല്ലവട്ടിയിൽ ഉടൻതന്നെ നടപ്പാക്കും.
ഇത് മന്ത്രിയെന്ന നിലയിൽ തരുന്ന വാക്കാണ്’’. പദ്ധതി നടപ്പാക്കാൻ ഉടൻതന്നെ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. പരമ്പരാഗത ധാന്യവിളയായ ചാമകൊണ്ടുണ്ടാക്കിയ പായസം ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചു. മുത്തശ്ശിയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയ ശേഷമായിരുന്നു മന്ത്രിയുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.