ആദിവാസി യുവതിയെ 29 വർഷമായി അടിമവേല ചെയ്യിക്കുന്നതായി ആക്ഷേപം
text_fieldsകോഴിക്കോട്: നഗരത്തിലെ വീട്ടിൽ അട്ടപ്പാടി സ്വദേശിനിയായ യുവതിയെ അടിമവേല ചെയ്യിക്കുന്നതായി പരാതി. കല്ലായി റെയിൽവേ സ്റ്റേഷന് സമീപെത്ത വീട്ടിലാണ് 29 വർഷമായി ആദിവാസി യുവതി ദുരിത ജീവിതം നയിക്കുന്നത്. ബന്ധുക്കളുടെ അരികിലേക്ക് തിരിച്ചു പോകാൻ പോലും അനുവാദമില്ല.
ഇവരുടെ ദുരിതങ്ങളറിഞ്ഞ വയനാട്ടിലെ സാമൂഹികപ്രവർത്തകൻ മുജീബ് റഹ്മാൻ കലക്ടർ സാംബശിവ റാവുവിന് പരാതി നൽകി. കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷനും പരാതി അയച്ചിട്ടുണ്ട്. 29 വർഷം മുമ്പാണ് 11 വയസ്സ് ഉണ്ടായിരുന്ന പെൺകുട്ടിയെ കല്ലായിയിലെ വീട്ടിലെത്തിച്ചത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനാണ് പെൺകുട്ടിയെ എത്തിച്ചത്. പിതാവ് മരിച്ചതിനെതുടർന്ന് കുട്ടിയുടെ മാതാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. തുടക്കം മുതൽ കഠിന ജോലികൾ ചെയ്യിക്കുന്ന വീട്ടുകാർ കുട്ടി മുതിർന്ന ശേഷവും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള സൗകര്യം പോലും ഒരുക്കിയില്ലെന്ന് പരാതിയിൽ പറയുന്നു.
അടുക്കളയിലാണ് അന്തിയുറങ്ങുന്നത്. അസുഖം വന്നാൽ വിശ്രമിക്കാനും അനുവദിക്കില്ല. വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നതായും വീട്ടിൽനിന്ന് രക്ഷപ്പെടണമെന്നും ആദിവാസി യുവതി സമീപത്ത് ജോലിക്കെത്തിയ സ്ത്രീയോട് പറഞ്ഞിരുന്നു. പീഡനങ്ങൾക്കെതിരെ പ്രതികരിച്ച ഈ സ്ത്രീയെ വീട്ടുകാർ ഭീഷണിപ്പെടുത്തി. തുടർന്നാണ് സാമൂഹിക പ്രവർത്തകനായ മുജീബ് റഹ്മാൻ വിവരമറിഞ്ഞതും പ്രശ്നത്തിലിടപെട്ടതും.
യുവതിയുടെ മാതാവ് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വീട്ടുകാരെ അറിയിച്ചിട്ടും മറച്ച് വെച്ചു. ഒരാഴ്ചക്കു ശേഷമാണ് അറിഞ്ഞത്. തുടക്കത്തിൽ മാതാവ് മാസത്തിലെ തുച്ഛ ശമ്പളം വാങ്ങാനായി എത്താറുണ്ടായിരുന്നു. മാതാവിെൻറ മരണ ശേഷം ശമ്പളവും ഇല്ല. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇവിടെയെത്തിയത്.
അനിയത്തിയെയടക്കം നേരിട്ട് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ യുവതിയുടെ കൈയിലില്ല. ജോലിക്ക് നിൽക്കുന്ന വീട്ടിലെ അംഗങ്ങളാരെങ്കിലും വിളിച്ച് നൽകാറാണ് പതിവ്. ആരോടും സഹായം അഭ്യർഥിക്കാനാവാത്ത ദൈന്യാവസ്ഥയിലാണ് യുവതി. അയൽവാസികളടക്കമുള്ളവർക്കും ദുരിതമറിയാമെങ്കിലും ആരും ഇടപെട്ടിരുന്നില്ല. വീട്ടുകാരുടെ സാമീപ്യത്തിൽ വേദനകൾ പറയാൻ യുവതിക്ക് പേടിയുമാണ്. അതേസമയം, വീട്ടുവേലക്കാരിക്ക് ദുരിതമൊന്നുമില്ലെന്ന് ഗൃഹനാഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.