ആദിവാസി തൊഴിലാളികളെ പിരിച്ച് വിട്ട സംഭവം: തൊഴിൽ ഉറപ്പാക്കാൻ കലക്ടറുടെ നിർദേശം
text_fieldsനിലമ്പൂർ: റബർ പ്ലാന്റേഷൻ കോർപറേഷനിലെ പുഞ്ചക്കൊല്ലി ഡിവിഷനിൽനിന്ന് 37 ആദിവാസി തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ ജില്ല കലക്ടറുടെ ഇടപ്പെടൽ. ആദിവാസികൾക്ക് തൊഴിൽ ഉറപ്പ് വരുത്താൻ കലക്ടർ നിർദേശം നൽകി. വർഷങ്ങളായി റബർ ടാപ്പിങ് ജോലിയിലുള്ളവരും തോട്ടം തൊഴിലാളികളുമായ ആദിവാസി തൊഴിലാളികളെയാണ് ജൂലൈ ഒന്നിന് പ്ലാന്റേഷൻ കോർപറേഷൻ പിരിച്ചുവിട്ടത്.
തോട്ടത്തിലെ കുറച്ച് ഭാഗം മരങ്ങൾ മുറിച്ചുമാറ്റാനായെന്നും പ്ലാന്റേഷൻ നഷ്ടത്തിലാണെന്നും പറഞ്ഞാണ് പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ആദിവാസികൾ കലക്ടർ വി.ആർ. പ്രേംകുമാറിന് പരാതി നൽകിയിരുന്നു. കലക്ടറുടെ നിർദേശ പ്രകാരം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വഴിക്കടവിലെത്തി പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം ചേർന്നു. ആദിവാസികൾ ഉൾപ്പടെ 90ഓളം തൊഴിലാളികളാണ് ജോലിക്കാരായിട്ടുള്ളത്.
ഇതിൽ 85 പേർ പട്ടികവർഗകാരാണ്. മൂന്ന് പേർ ജനറലും രണ്ട് പേർ പട്ടികജാതിക്കാരുമാണെന്ന് പ്ലാന്‍റേഷൻ അധികൃതർ യോഗത്തിൽ പറഞ്ഞു. ഇവരുടെ പട്ടിക പരിശോധിച്ച് ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികം പേർ ജോലിക്കാരായുണ്ടെങ്കിൽ അവരെ താൽക്കാലികമായി മാറ്റിനിർത്തുകയും പകരം കോളനിയിലെ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കാനും മറ്റു തൊഴിലാളികൾക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ട്രൈബൽ പ്ലസ് പദ്ധതി കാര്യക്ഷമമാക്കി തൊഴിൽ ഉറപ്പാക്കാനും തീരുമാനിച്ചു.
താൽക്കാലികമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഭക്ഷ‍്യസാധനങ്ങൾ കോളനിയിൽ എത്തിച്ചു നൽകും. പിരിച്ചുവിട്ട ആദിവാസി തൊഴിലാളികളുടെ പട്ടികയും, നിലവിലെ തൊഴിലാളികളുടെ പട്ടികയും നൽകാൻ പ്ലാന്റേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. യോഗത്തിൽ മഞ്ചേരി ലേബർ പ്ലാന്റേഷൻ ഇൻസ്പെക്ടർ സി. രാഘവൻ, ഐ.ടി.ഡി.പി എ.പി.ഒ ബി.സി. അയ്യപ്പൻ, താലൂക്ക് സപ്ലൈ ഓഫിസർ മധു ഭാസ്കരൻ, എം.ജി.എൻ.ആർ.ഇ.ജി നിലമ്പൂർ ബ്ലോക്ക് എ.ഇ കെ.എ. സാജിദ്, നിലമ്പൂർ ജോയന്റ് ബി.ഡി.ഒ എ. സരള, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി.കെ. ജയകുമാർ, വഴിക്കടവ് എസ്.ഐ ടി. ചന്ദ്രൻ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോൺ ഡെസ്മൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.