പാറ പതിച്ചുനല്‍കി: ആറളത്തെ ആദിവാസികള്‍ പരാതിയുമായി ഗോത്രകമീഷനില്‍
text_fieldsതിരുവനന്തപുരം: വാസയോഗ്യമല്ലാത്ത പാറ പതിച്ചുനല്‍കിയത് ഒഴിവാക്കി കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ആറളം പുനരധിവാസകേന്ദ്രത്തിലെ ആദിവാസികള്‍ പട്ടികജാതി ഗോത്രകമീഷനിലത്തെി. പണിയ വിഭാഗത്തില്‍പെട്ട മൂന്ന് കുടുംബങ്ങളാണ് ശനിയാഴ്ച കമീഷനില്‍ മൊഴി നല്‍കാനത്തെിയത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് 2007ലാണ് ഭൂരഹിതര്‍ക്ക് പുനരധിവാസം നല്‍കുന്നതിന്‍െറ ഭാഗമായി ഒരേക്കര്‍ വീതം ഭൂമിക്ക് പട്ടയം നല്‍കിയത്. എന്നാല്‍, ഫാമിലെ 10ാം ബ്ളോക്കില്‍ 25 ഓളം കുടുംബങ്ങള്‍ക്ക് ലഭിച്ച ഭൂമി പാറക്കുന്നാണ്. ഫാമിലത്തെിയപ്പോഴാണ് വാസയോഗ്യവും കൃഷിയോഗ്യവുമല്ലാത്ത ഭൂമിയാണെന്ന കാര്യം അറിഞ്ഞത്. ഭൂമിയുടെയും പാറയുടെയും ചിത്രങ്ങള്‍ ഇവര്‍ കമീഷന് മുന്നില്‍ ഹാജരാക്കി.
പരാതി ബോധ്യപ്പെട്ട കമീഷന്‍ ആദിവാസി പുനരധിവാസ മിഷന്‍െറ (ടി.ആര്‍.ഡി.എം) ജില്ലചെയര്‍മാനായ കലക്ടര്‍ക്ക് നോട്ടിസ് അയക്കാന്‍ തീരുമാനിച്ചു. വാസയോഗ്യമായ ഭൂമി ഫാമില്‍ വേറെ ഉണ്ടായിട്ടും പാറ പതിച്ചുനല്‍കിയെന്നാണ് ഇവരുടെ പരാതി. പല കോളനികളിലായികഴിഞ്ഞ ആദിവാസികള്‍ പാറക്കുന്നില്‍ കുടിവെള്ളം പോലും ലഭിക്കാത്തതിനാല്‍ തിരിച്ചുപോയി. സനല്‍കുമാര്‍, എം.കെ. രാജു, ഉഷ തുടങ്ങിയവരാണ് ഹിയറിങ്ങിനത്തെിയത്. ഉഷ ഇപ്പോള്‍ താമസിക്കുന്നത് സഹോദരിയുടെ വീട്ടിലാണ്. കൃഷിചെയ്ത് ജീവിക്കാന്‍ കഴിയാത്തതിനാല്‍ കുടുംബം പട്ടിണിയെ നേരിടുകയാണ്.
സനല്‍കുമാറിന്‍െറ കുടുംബം ഒമ്പതാം ബ്ളോക്കില്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഭൂമിയിലാണ് താമസിക്കുന്നത്.ഫാമില്‍ കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഒമ്പതാം ബ്ളോക്കില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാത്ത കൃഷിഭൂമിയുണ്ട്. ഇത് സര്‍ക്കാറിന് പതിച്ചുനല്‍കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. അന്നത്തെ കലക്ടറും കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫിസറും ചേര്‍ന്നാണ് വാസയോഗ്യമല്ലാത്ത ഭൂമിക്ക് പട്ടയം നല്‍കിയത്.
ഇക്കാര്യത്തില്‍ ഐ.ടി.ഡി.പിയോട് കമീഷന്‍ നേരത്തേ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പുനരധിവാസമേഖലയില്‍ ആദിവാസികള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്ന് പരാതിക്കാര്‍ കമീഷനെ അറിയിച്ചു. ഫാമിലെ റോഡുകളെല്ലാം തകര്‍ന്നതിനാല്‍ രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ വാഹനങ്ങള്‍ പുനരധിവാസമേഖലയിലേക്ക് വരുന്നില്ല. ഫാമിങ് കോര്‍പറേഷനില്‍ തൊഴിലിന് അപേക്ഷ നല്‍കിയെങ്കിലും പണി ലഭിച്ചിട്ടില്ളെന്നും സനല്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.