നിലമ്പൂർ ഉൾക്കാടുകളിൽ ആദിവാസികൾ കുടിയിറക്ക് ആശങ്കയിൽ
text_fieldsനിലമ്പൂർ: വന‍്യജീവി സങ്കേതം കരുതൽ മേഖലയുമായി ബന്ധപ്പെട്ട് നിലമ്പൂർ ഉൾക്കാടുകളിൽ അധിവസിക്കുന്ന ആദിവാസി കുടുംബങ്ങൾ കുടിയിറക്ക് ആശങ്കയിൽ. ജില്ലയിലെ ഏക വന‍്യജീവി സങ്കേതമായ കരിമ്പുഴ സങ്കേതത്തിന്‍റെ കരുതൽ മേഖലയിലാണ് ഏഷ‍്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കരുൾപ്പെടെ അധിവസിക്കുന്നത്.
ന‍്യൂ അമരമ്പലം സംരക്ഷിത വനവും വടക്കേകോട്ട മലവാരത്തിലെ നിക്ഷിപ്ത വനവും അടങ്ങുന്ന നീലഗിരി ബയോസ്ഫിയറിലെ 227.97 ചതുരശ്ര കിലോമീറ്റർ വനഭാഗത്താണ് കരിമ്പുഴ വന‍്യജീവി സങ്കേതം. രാജ‍്യത്ത് അവശേഷിക്കുന്ന പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കർ ഈ സങ്കേതത്തിനുള്ളിലാണ് അധിവസിക്കുന്നത്.
കരുളായി ഉൾവനത്തിലെ മാഞ്ചീരി, വഴിക്കടവ് റേഞ്ചിലെ പുഞ്ചക്കൊല്ലി, അളക്കൽ തുടങ്ങിയ വനാന്തരങ്ങളിലെ ഗുഹകളിലും സെറ്റിൽമെന്‍റ് കോളനികളിലുമാണ് ഇവരുടെ വാസം. ഇതിൽ അച്ചനള, നാഗമല എന്നിവ കരിമ്പുഴ സാങ്ച്വറിക്ക് ഉള്ളിലും മാഞ്ചീരി, പുഞ്ചക്കൊല്ലി, അളക്കൽ കോളനികൾ കരുതൽ മേഖല പരിധിയിലുമാണ്.
അതേസമയം, വന‍്യജീവി സങ്കേതത്തിനുള്ളിലും കരുതൽ വനമേഖല പരിധിക്കുള്ളിലും അധിവസിക്കുന്ന ചോലനായ്ക്കരുൾപ്പെടെയുള്ള സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന് കുടിയിറക്ക് ഭീഷണിയില്ലെന്ന് വനംവകുപ്പ് പറയുന്നു.ചോലനായ്ക്കർ ഗുഹകളിലും പാറ അളകളിലുമാണ് താമസം. നിർമിതി കേന്ദ്രങ്ങളിലല്ല ഇവരുടെ താമസമെന്നിരിക്കെ പുതിയ നിയമം ഇവരെ ബാധിക്കില്ല. കാട്ടുനായ്ക്ക വിഭാഗത്തിനും പരിസ്ഥിതിലോല മേഖല ബാധകമാവില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.