മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് ഊരുവിലക്ക്
text_fieldsപാലക്കാട്: 'മഷിനോട്ട'ത്തിൽ ജ്യോത്സ്യൻ മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്ന് കുടുംബത്തിന് സമുദായം ഊരുവിലക്ക് ഏർപ്പെടുത്തിയതായി പരാതി.
കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിന്റെ ഊരുവിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ മേയിൽ കുന്നത്തൂർമേട് മാരിയമ്മൻ കോവിലിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു.
കുട്ടിയുടെ ബന്ധുക്കൾ മഷിനോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നെന്നാണ് പരാതി. തുടർന്ന് ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. ക്ഷേത്രത്തിൽ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റു കുട്ടികൾ കളിക്കാൻപോലും കൂട്ടാതായി. രണ്ടു മാസത്തിലേറെയായി ഇത് തുടങ്ങിയിട്ട്. ഊരുവിലക്കുമൂലം ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ഇല്ലാതായതായി സൗദാമിനി പരാതിപ്പെടുന്നു.
കുടുംബം നേരത്തേ, പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. ഇനി ഊരുവിലക്ക് ഉണ്ടാകില്ലെന്ന് എഴുതിവാങ്ങിയാണ് വിട്ടത്.
എന്നാൽ, സമുദായ നേതൃത്വം ഊരുവിലക്ക് തുടരുകയാണെന്നും സൗദാമിനി പറയുന്നു. നീതി തേടി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി.
എന്നാൽ, ഊരുവിലക്കിയിട്ടില്ലെന്നും സമുദായ ക്ഷേത്രത്തിന്റെ ഗേറ്റ് തകർക്കുകയും ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതിനാൽ ജനറൽ ബോഡി യോഗം കൂടുന്നതുവരെ മാറ്റിനിർത്തുകയാണ് ചെയ്തതെന്നും സമുദായ അംഗങ്ങൾ പറഞ്ഞു. വ്യാജ പ്രചാരണമാണ് കുടുംബം നടത്തുന്നതെന്നും അവർ ആരോപിച്ചു. പ്രശ്നപരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.