ഹയർ സെക്കൻഡറി സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണൽ റദ്ദാക്കി; സർക്കാറിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച രണ്ട് പട്ടികകൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. ഹോം സ്റ്റേഷൻ സ്ഥലംമാറ്റ പട്ടികയും ‘അതേഴ്സ്’ സ്ഥലംമാറ്റ പട്ടികയുമാണ് റദ്ദാക്കിയത്. മാതൃജില്ലക്ക് (ഹോം സ്റ്റേഷൻ) പുറത്തുള്ള സർവിസ് സീനിയോറിറ്റി, മാതൃജില്ലക്ക് പുറമേ സമീപ ജില്ലകളിലേക്ക് കൂടി പരിഗണിച്ച് രണ്ട് പട്ടികകളും ഒരുമാസത്തിനകം പുതുക്കി പ്രസിദ്ധീകരിക്കാൻ ട്രൈബ്യൂണലിന്‍റെ അന്തിമ ഉത്തരവിൽ നിർദേശമുണ്ട്. ഒരുമാസത്തിനകം കരട് പട്ടികയും തുടർന്ന് പരാതികൾ പരിഹരിച്ച് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കണം. അധ്യാപകർക്ക് ജൂൺ ഒന്നിന് പുതിയ സ്കൂളുകളിൽ ചേരാൻ കഴിയുന്ന വിധത്തിൽ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിർദേശം.
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് 2019 മാർച്ച് രണ്ടിലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥ 2(ii) നടപ്പാക്കാൻ ആവശ്യമായ വെയ്റ്റേജ് നൽകി പട്ടിക പുതുക്കാനാണ് വിധി. ‘ഓപൺ വേക്കൻസികളിലേക്ക് മൂന്ന് വർഷം സർക്കാർ ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ റെഗുലർ സർവിസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാമെന്നും അപേക്ഷകരിൽ ഔട്ട്സ്റ്റേഷൻ സർവിസുള്ളവരുണ്ടെങ്കിൽ സ്ഥലംമാറ്റത്തിന് മുൻഗണന ഔട്ട്സ്റ്റേഷൻ സർവിസിന്‍റെ ദൈർഘ്യത്തെ അടിസ്ഥാനപ്പെടുത്തിയാകുമെന്നുമാണ് 2019ലെ ഉത്തരവിലെ വ്യവസ്ഥ. ഔട്ട്സ്റ്റേഷൻ സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലെ ഒഴിവിലേക്ക് മാത്രം പരിഗണിച്ചാണ് സർക്കാർ പട്ടിക തയാറാക്കിയത്.
ഔട്ട്സ്റ്റേഷൻ സർവിസ് സീനിയോറിറ്റി മാതൃജില്ലക്ക് പുറമെ സമീപ ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം അധ്യാപകർ നൽകിയ ഹരജിയിൽ ട്രൈബ്യൂണൽ അനുകൂല ഉത്തരവ് നൽകിയിരുന്നു. ഇത് മാതൃജില്ലയിൽ മാത്രമേ അനുവദിക്കാനാവൂവെന്ന വാദം ഉയർത്തി സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകുകയും ട്രൈബ്യൂണൽ ഉത്തരവ് പാലിക്കാതെ അന്തിമസ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുകയും കോടതിയലക്ഷ്യ ഹരജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടിക പ്രകാരമുള്ള സ്ഥലംമാറ്റ നടപടികൾ ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈകോടതിയെ സമീപിച്ചു. സ്റ്റേയിൽ ഇടപെടാതിരുന്ന ഹൈകോടതി കേസിൽ എത്രയുംവേഗം അന്തിമ വിധി നൽകണമെന്ന് ട്രൈബ്യൂണലിന് നിർദേശം നൽകി. തുടർന്നാണ് വീണ്ടും സർക്കാർ ട്രൈബ്യൂണൽ മുമ്പാകെ വാദങ്ങൾ നിരത്തിയത്. ഔട്ട്സ്റ്റേഷൻ സർവിസിലെ സീനിയോറിറ്റി മാതൃജില്ലക്ക് പുറമെ സമീപ ജില്ലകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കാനാകില്ലെന്ന സർക്കാർ വാദം തള്ളിയ ട്രൈബ്യൂണൽ രണ്ട് പ്രധാന സ്ഥലംമാറ്റ പട്ടികകൾ റദ്ദാക്കുകയും ഒരുമാസത്തിനകം പുതുക്കി പ്രസിദ്ധീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എയുടെ സമ്മർദപ്രകാരമാണ് റദ്ദാക്കിയ പട്ടിക പ്രസിദ്ധീകരിക്കേണ്ടിവന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം പുറത്തുവന്നിരുന്നു.
ഡയറക്ടർക്ക് രൂക്ഷ വിമർശനം; മേയ് 24ന് നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: സ്ഥലംമാറ്റത്തിൽ കോടതിയലക്ഷ്യ കേസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ രൂക്ഷവിമർശനം. ട്രൈബ്യൂണൽ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മനഃപൂർവം ധിക്കരിച്ചെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ മേയ് 24ന് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണംകാണിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.