ബസുകളുടെ ട്രിപ് ഷെഡ്യൂൾ: നിലപാട് തേടി ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ് ഷെഡ്യൂൾ നിർണയരീതി എങ്ങനെയാണെന്നും ഇതിനായി സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്താണെന്നും ഹൈകോടതി. മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് നിയമത്തിന് അനുസൃതമായി ഷെഡ്യൂൾ നിർണയിക്കുന്നത് സംബന്ധിച്ച് വിശദീകരണം നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
നിലവിലെ ട്രിപ് ഷെഡ്യൂൾ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ആക്ടിനു വിരുദ്ധമാണെന്നും എട്ടു മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നെന്നും ചൂണ്ടിക്കാട്ടി ആർ. ബാജി ഉൾപ്പെടെ ജീവനക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ജീവനക്കാർക്ക് ദുരിതമുണ്ടാക്കുന്ന വിധമാണ് ഷെഡ്യൂളെന്നാണ് ഹരജിയിൽ പറയുന്നത്. ജീവനക്കാരുടെ ജോലിഭാരവും സ്ഥാപനത്തിന്റെ താൽപര്യവും പരിഗണിച്ചാണ് ഷെഡ്യൂൾ നിശ്ചയിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സിയും അറിയിച്ചു. എന്നാൽ, ഹരജി വിശദമായി പരിഗണിക്കുന്നതിനു മുമ്പ് എങ്ങനെയാണ് ഷെഡ്യൂൾ നിർണയിക്കുന്നതെന്നും ഏതൊക്കെ വസ്തുതകളാണ് ഇതിനു പരിഗണിക്കുന്നതെന്നും അറിയേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഷെഡ്യൂൾ നിർണയിക്കാൻ പിഴവില്ലാത്ത സംവിധാനം കൊണ്ടുവരാൻ കെ.എസ്.ആർ.ടി.സി നിലപാട് അറിയിക്കാൻ നിർദേശിച്ചത്. ഹരജി വീണ്ടും ജൂൺ 27ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.