തൃപ്പൂണിത്തുറ കസ്റ്റഡിമരണം: മനോഹരന്റെ ബന്ധുക്കളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
text_fieldsകൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച മനോഹരന്റെ ബന്ധുക്കളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. എ.സി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മനോഹരന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. മനോഹരന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
മനോഹരനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതാണ് മരണകാരണമെന്നും ബന്ധുക്കൾ മൊഴി നൽകി. വരും ദിവസങ്ങളിൽ ആരോപണവിധേയരായ പൊലീസുകാരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.നേരത്തെ, സംഭവത്തിന് പിന്നാലെ എസ്.ഐ ജിമ്മി ജോസിനെ പൊലീസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരുടെയടക്കം ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ നടക്കും.
ഇതിന് ശേഷമാവും ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോർട്ട് കൈമാറുക. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞു വീണ് മരിച്ചത് വലിയ വിവാദമായിരുന്നു. വിവാദത്തിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.
വാഹന പരിശോധനക്കിടെ പൊലീസ് കൈ കാണിച്ചെങ്കിലും അൽപം മുന്നോട്ടു നീങ്ങിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഒരു പൊലീസുകാരൻ ഓടിയെത്തി ഹെൽമറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് ജീപ്പിൽവച്ചും മനോഹരനെ മർദിച്ചതായാണ് ആരോപണം.
രാത്രി ഒമ്പതോടെ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പിൽ മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.