തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം. സ്വരാജ് സുപ്രീംകോടതിയിൽ
text_fieldsകൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹരജി തള്ളിയ ഹൈകോടതി വിധിക്കെതിരെ എം. സ്വരാജ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പി. വി. ദിനേശനാണ് സ്വരാജിനായി അപ്പീല്‍ ഫയല്‍ ചെയ്തത്.
കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ് പ്രതികരിച്ചിരുന്നു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈകോടതിയിൽ തെളിവിനായി കൃത്യമായ രേഖകൾ സമർപ്പിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇത്തരം വിധികൾ ഇടയാക്കുമെന്നും സ്വരാജ് വ്യക്തമാക്കി. അതേസമയം, ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു കെ.ബാബുവിന്‍റെ പ്രതികരണം.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് കെ. ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഹരജിക്കെതിരെ ബാബു നൽകിയ തടസ്സ വാദ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ. ബാബു എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.