ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ
text_fieldsതൃപ്പൂണിത്തുറ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂരക്കാട് അനധികൃത പടക്ക സംഭരണ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെതുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം ഭാരവാഹികളും കൂടെയുണ്ടായവരുമായ ഒമ്പതു പേരാണ് അറസ്റ്റിലായത്.
കരയോഗം പ്രസിഡന്റ് ഉദയംപേരൂർ പുത്തൻപുരയിൽ അനിൽ കുമാർ (64), സെക്രട്ടറി മേക്കര ചാലിയാത്ത് സന്തോഷ് (49), ട്രഷറർ തെക്കുംഭാഗം രേവതിയിൽ കൃഷ്ണൻകുട്ടി നായർ (70), അംഗങ്ങളായ ചൂരക്കാട് ലക്ഷ്മി ഹൗസിൽ സുനിൽ (46), പുതിയകാവ് കല്ലാത്ത് അരുൺകുമാർ (41), പുതിയകാവ് നെല്ലുവേലിൽ ബാലചന്ദ്രൻ (60) എന്നിവരെയും ഇവരുടെ കൂടെയുണ്ടായിരുന്ന മേക്കര ചാലിയാത്ത് അച്ചു (21), ഉദയംപേരൂർ കൊച്ചുപറമ്പിൽ അമ്പനാഥ് (27), മേക്കര കല്ലറക്കൽ ജിജിത്ത് (39) എന്നിവരെയുമാണ് മൂന്നാറിലെ ചിന്നക്കനാലിൽനിന്ന് ബുധനാഴ്ച രാത്രി 11.30ഓടെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ച 4.30ഓടെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
സ്ഫോടനം നടന്ന തിങ്കളാഴ്ച ഒളിവിൽ പോയ ഇവർക്കെതിരെ തെക്കുപുറത്തിന്റെ താലപ്പൊലി ദിനമായിരുന്ന ഞായറാഴ്ച അനുമതിയില്ലാതെ വെടിക്കെട്ട് സംഘടിപ്പിച്ചതിനാണ് കേസ്.
സ്ഫോടനത്തിൽ വെടിക്കോപ്പുകൾ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം ഉള്ളൂർ വാറുവിളാകത്ത് പൊങ്ങുംമൂട് അശോക് കുമാറിന്റെയും മഞ്ജുവിന്റെയും മകൻ വിഷ്ണു (27), തൊഴിലാളിയായ ദിവാകരൻ (51) എന്നിവരാണ് മരിച്ചത്. വിഷ്ണു സംഭവസ്ഥലത്തും ദിവാകരൻ വൈകീട്ട് ആശുപത്രിയിലുമാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ തൊഴിലാളികളായ ശാസ്താംകോട്ട പ്ലാവില വീട്ടിൽ ആദർശ് (28), കൊല്ലം പാരിപ്പിള്ളി ചരുവിള വീട്ടിൽ അനിൽ (49), ശാസ്താം കോട്ട സ്വദേശി മധുസൂദനൻ (60), പുനലൂർ സ്വദേശി ആനന്ദൻ (61) എന്നിവർ കളമശ്ശേരി മെഡിക്കല് കോളജിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പരിസര പ്രദേശത്തെ താമസക്കാരും ഉൾപ്പെടുന്നു. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.