വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചേക്കും
text_fieldsതിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. എ.ജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ഹൈകോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്യാനാണ് സർക്കാർ തീരുമാനം.
അതിനിടെ വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്ന് വ്യാഴാഴ്ച ചേർന്ന് സർവകക്ഷിയോഗം വിലയിരുത്തി. യോഗത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചുമതല സംസ്ഥാന സർക്കാരിനെ ഏല്‍പിക്കണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതില്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികൾ അതൃപ്തി രേഖപ്പെടുത്തിയതായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രാമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ആഗസ്റ്റ് 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം കൊണ്ടുവരും. നിയമനടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി വിഷയത്തില്‍ മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി.
എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്. ബിഡിൽ അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.