നിർണായകമായത് ഡ്രോൺ നിരീക്ഷണം; കുട്ടിയെ കണ്ടെത്തിയത് കാടുമൂടിയ മേഖലയിൽ നിന്ന്
text_fieldsതിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് ബ്രഹ്മോസ് ഓഫിസിനരികെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുനിന്ന്. പൊലീസ് ഈ മേഖലയിൽ രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് ഇവിടെ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഈ സ്ഥലത്ത് സ്വയം നടന്നുവന്നതാണെന്ന് കരുതാനാവില്ല. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവ് ശേഖരിക്കാനായി ശ്രമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക ആരോഗ്യ പരിശോധന തൃപ്തികരമാണ്. ദേഹോപദ്രവം ഏറ്റിട്ടില്ല. നിർജ്ജലീകരണമുണ്ടായിരുന്നു. വിശദമായ പരിശോധനക്കായി എസ്.ഐ.ടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയെന്നും കമീഷണർ പറഞ്ഞു.
അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുള്ള മകളെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കുഞ്ഞ് ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.