തിരുവനന്തപുരം കലക്ടറായി നവ്ജ്യോത് ഖോസ
text_fieldsതിരുവനന്തപുരം: ജില്ല കലക്ടറായി നവ്ജ്യോത് ഖോസ ചുമതലയേറ്റു. കെ. ഗോപാലകൃഷ്ണൻ മലപ്പുറം കലക്ടറായി പോകുന്ന ഒഴിവിലാണ് പഞ്ചാബ് സ്വദേശിനിയായ ഖോസ എത്തുന്നത്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ നവ്ജ്യോത് ഖോസ അമൃത് സർ മെഡിക്കൽ കോളജിൽ നിന്ന് സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. തൃശൂര്‍ അസിസ്റ്റൻറ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ഭക്ഷ്യസുരക്ഷാ കമീഷണര്‍, കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് എം.ഡി, നാഷനല്‍ ആയുഷ് മിഷന് എം.ഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഏറെ സ്നേഹിക്കുന്ന തനിക്ക് അവരിലൊരാളായി പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് ചുമതലയേറ്റടുത്ത ശേഷം കലക്ടർ പറഞ്ഞു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടുപോകണം. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവർ പറഞ്ഞു.
ഭർത്താവ് ലാൽജിത് സിങ് ബ്രാർ ഖത്തറിൽ ഡോക്ടറാണ്. ഒന്നരവയസ്സുകാരി അനാഹത്ത് മകളാണ്. പിതാവ് ജെ.എസ്. ഖോസ മഹീന്ദ്രയിൽ റീജനൽ മാർക്കറ്റിങ് മാനേജരായി വിരമിച്ചു. മാതാവ്: സത്യന്ദർ കൗർ. മലപ്പുറം കലക്ടറായി ചുമതലയേല്‍ക്കുന്ന കെ. ഗോപാലകൃഷ്ണന് ജീവനക്കാര്‍ യാത്രയയപ്പ് നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.