തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്ത് വ്യാജമെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായി. കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെന്നാണ് സൂചന. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ശിപാർശ. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം കത്തുവിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് മേയറുടേയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് സഹകരിക്കാൻ ആനാവൂർ തയാറായിട്ടില്ല. ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും തങ്ങൾക്ക് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി മൊഴി നൽകാൻ എത്തിയിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
നേരത്തേ ആനാവൂരിന്റെ മൊഴിയെടുക്കാൻ സമയം ചോദിച്ചപ്പോൾ 'പറയേണ്ടതെല്ലാം മാധ്യമങ്ങള് വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടല്ലോ, തനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നും പറയാനില്ല' എന്നായിരുന്നു ആനാവൂരിന്റെ പ്രതികരണം. എന്നാൽ, നേരിട്ട് മൊഴി രേഖപ്പെടുത്തണമെന്ന് അറിയിച്ചതോടെ പാർട്ടി പരിപാടിയുടെ തിരക്കാണെന്നും ഉടൻ സമയം അനുവദിക്കാമെന്ന നിലപാടാണ് ജില്ല സെക്രട്ടറി സ്വീകരിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു
കത്തിനെക്കുറിച്ച് അറിയില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്നുമാണ് ആനാവൂർ വിജിലൻസിന് മൊഴി നൽകിയത്. തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് താനോ ഓഫിസോ തയാറാക്കിയിട്ടില്ലെന്നും കത്ത് തയാറാക്കിയെന്ന് പറയുന്ന ദിവസം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും ആര്യ രാജേന്ദ്രൻ മൊഴി നൽകി.
തന്റെ ലെറ്റർ പാഡ് ദുരുപയോഗം ചെയ്തതാകാം. ഇക്കാര്യത്തിൽ തന്റെ ഓഫിസ് ജീവനക്കാരെ സംശയമില്ല. കോർപറേഷനിലെ നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകുന്ന പതിവ് കോർപറേഷന് ഇല്ലെന്നും മേയർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.