തിരുവനന്തപുരത്ത് ‘കോവിഡ് ബാധിതരുടെ’ ഫലം നെഗറ്റിവായതായി സൂചന
text_fieldsതിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെയും ഫലം നെഗറ്റിവ് ആയതായി സൂചന. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവസാമ്പിളുകൾ നെഗറ്റിവായതോടെയാണ് നെയ്യാറ്റിൻകര സ്വദേശിയായ 48കാരനും മേലേപ്പാല സ്വദേശിയായ 68കാരനും വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരുന്നത്.
കോവിഡ് ചികിത്സാമാനദണ്ഡമനുസരിച്ച് 48 മണിക്കൂറിലെ രണ്ട് ഫലങ്ങൾകൂടി നെഗറ്റിവായെങ്കിൽ മാത്രമേ രോഗമുക്തി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. നിലവിൽ ഇരുവർക്കും കോവിഡ് ബാധയുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ പരിശോധനയിലുണ്ടായ വീഴ്ചയാണ് കോവിഡ് സ്ഥിരീകരിക്കാൻ കാരണമെന്നും ഇവർ പറയുന്നു. ഇരുവരുടെയും സാമ്പിൾ രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റിവായത്. ഇതേത്തുടർന്ന് ‘രോഗം സ്ഥിരീകരിച്ചവർ’ ചികിത്സയിലായിരുന്ന നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയും ഇവരുടെ ഫലം പോസിറ്റിവാണെന്ന് പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഇതോടെ ഹോട്സ്പോട്ടായി. എന്നാൽ, രണ്ടുപേരുടെയും സാമ്പിൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റിവായി. തുടർന്ന്, സാമ്പിൾ ശ്രീചിത്രയിലേക്ക് അയച്ചു. അവിടെയും ഫലം നെഗറ്റിവ്. കൃത്യത ഉറപ്പാക്കാൻ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചപ്പോഴും ഫലം നെഗറ്റിവ്.
പരിശോധനാകിറ്റുകൾ കണ്ടുപിടിച്ച് അധികനാളാകാത്തതിനാൽ അപൂർവമായെങ്കിലും റിസൾട്ടിൽ പിഴവുവരാനുള്ള സാധ്യതയുണ്ടെന്ന് രാജീവ് ഗാന്ധി ബയോ ടെക്നോളജി അധികൃതർ പറയുന്നു.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിർദേശങ്ങൾ അനുസരിച്ച് ആധുനിക മെഷീനുകൾ ഉപയോഗിച്ചാണ് രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ പരിശോധന നടത്തുന്നത്. കിറ്റുകൾ വികസിപ്പിക്കുന്ന ഘട്ടത്തിലായതിനാൽ ചെറിയ അപാകതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.