പിടികൂടിയ സ്വർണം സമ്മാനമായി ലഭിച്ചത്, യു.എ.പി.എ നിലനിൽക്കില്ലെന്ന് പ്രതിഭാഗം
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ പിടിച്ചെടുത്ത സ്വർണം സ്വപ്നക്ക് സമ്മാനമായി ലഭിച്ചതാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ. ഇതിനായി 20 വർഷം മുമ്പ് 120 ഗ്രാം സ്വർണം അണിഞ്ഞുനിൽക്കുന്ന സ്വപ്നയുടെ വിവാഹ ചിത്രം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. സ്വപ്ന സുരേഷ് നൽകിയ ജാമ്യഹരജിയിലെ അന്തിമവാദം കേൾക്കലിലാണ് എൻ.ഐ.എയുടെ വാദങ്ങൾ തള്ളി പ്രതിഭാഗം രംഗത്തെത്തിയത്.
മൊഴിയുടെ മാത്രം പിൻബലമാണ് അന്വേഷണ സംഘത്തിനുള്ളതെന്നും തെളിവുകൾ ഇല്ലെന്നും സ്വപ്നക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജിയോ പോൾ കോടതിയിൽ ബോധിപ്പിച്ചു. കുറ്റസമ്മതമൊഴി കേസിലെ ഏറ്റവും ദുർബല തെളിവാണ്. സ്വർണക്കടത്തിൽ യു.എ.പി.എ സ്ഥാപിക്കാൻ ഒരു തെളിവും ഹാജരാക്കിയിട്ടുമില്ല.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നിയമവും കസ്റ്റംസ്, എൻഫോഴ്സ്മെൻറ് തുടങ്ങിയ ഏജൻസികളും ഉള്ളപ്പോൾ യു.എ.പി.എയുടെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണസംഘം ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഇല്ല. ഇത് കേസിനെ മാറ്റിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് തുടർച്ചയായി കേസിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സ്വപ്നയുടെ ലോക്കറിൽനിന്ന് പിടികൂടിയത് ആഭരണങ്ങളാണ്. സ്വർണക്കട്ടിയല്ല. വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് രണ്ട് ഏജൻസികളിൽനിന്ന് സ്വപ്ന കമീഷൻ വാങ്ങിയിരുന്നു.
കൂടാതെ, യു.എ.ഇ കോൺസുലേറ്റ് കേരളത്തിൽ ഉദ്ദേശിച്ചിരുന്ന 100 കോടിയുടെ ഭവന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടും കമീഷൻ വാങ്ങിയിരുന്നു. ഹൈദരാബാദിൽ പുതുതായി വരുന്ന യു.എ.ഇ കോൺസുലേറ്റിെൻറ ഇൻറീരിയർ ജോലികൾ നടന്നത് തിരുവനന്തപുരത്തായിരുന്നു. ഇതിനും സ്വപ്ന കമീഷൻ ഈടാക്കിയിരുന്നു. ഇത്തരത്തിൽ രേഖകളും ഉറവിടങ്ങളുമുള്ള ഒരു കോടി രൂപയാണ് സ്വപ്നയുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്തതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഏജൻറുമാരുടെ മൊഴികൾ ഹാജരാക്കി എൻ.ഐ.എ ഈ വാദത്തെ പ്രതിരോധിച്ചു. രണ്ട് ഏജൻസികൾ 70 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് അയച്ചത്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെങ്കിൽ പിന്നെ എങ്ങനെ ഇത് പണമായി സ്വപ്നയുടെ ലോക്കറിൽ വന്നെന്നും എൻ.ഐ.എ ചോദിച്ചു.
മൂന്ന് പ്രതികളുടെ ജാമ്യഹരജി ഹൈകോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടി ജുഡീഷ്യൽ കസ്റ്റഡിയിലായ മൂന്ന് പ്രതികൾ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. ഒമ്പതാം പ്രതി മേഞ്ചരി സ്വദേശി മുഹമ്മദ് അൻവർ, 13ാം പ്രതി കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അബ്ദുൽ ഷമീം, 14ാം പ്രതി കോഴിക്കോട് സ്വദേശി ജിഫ്സൽ എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയതിനെത്തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. നിരപരാധികളായ തങ്ങളെ അനാവശ്യമായാണ് പ്രതിചേർത്തതെന്നാണ് ഇവരുടെ വാദം. നേരിട്ടോ അല്ലാതെയോ കുറ്റകൃത്യവുമായി ബന്ധമില്ല. കള്ളക്കടത്ത് മുതൽ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന വകുപ്പ് ചേർത്ത് കേസെടുത്തത് നിലനിൽക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
ആയുധ-മയക്കുമരുന്ന് റാക്കറ്റിന് ബന്ധമെന്ന് എൻ.െഎ.എ
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ സംഘത്തിന് അന്താരാഷ്ട്ര ആയുധ-മയക്കുമരുന്ന് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻ.ഐ.എ. യു.എ.ഇയിൽ പ്രവർത്തിക്കുന്ന കള്ളക്കടത്ത് റാക്കറ്റിന് പശ്ചിമ ആഫ്രിക്കയിലെ സംഘങ്ങളുമായി ബന്ധമുള്ളതായാണ് എൻ.ഐ.എ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പട്ട എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ സംശയം പ്രകടിപ്പിച്ചത്.
പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിെൻറ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കെ.ടി. റമീസ് പലതവണ താൻസനിയ സന്ദർശിച്ചിരുന്നതായും ഇയാൾക്ക് അവിടെ ചില ബന്ധങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. ഇയാൾ അവിടെനിന്ന് സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്വർണം യു.എ.ഇയിൽനിന്നാണോ പശ്ചിമ ആഫ്രിക്കയിൽനിന്നാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. വളരെ വിപുലമായ സംഘമാണ് കള്ളക്കടത്തിന് പിന്നിലുള്ളത്.
സരിത്തിൽനിന്ന് പിടിച്ചെടുത്ത പെൻഡ്രൈവ് അന്വേഷണത്തിൽ നിർണായകമാകുമെന്നും എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങൾ അതിലുണ്ടെന്ന് അയാൾ മൊഴി നൽകിയിട്ടുണ്ടെന്നും എൻ.ഐ.എ പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ കൈമാറാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിെൻറ ഭാഗമായി എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ സി.സി ടി.വി ദൃശ്യങ്ങൾ കൈമാറാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ. പൊതുഭരണ വകുപ്പ് ഇക്കാര്യം എൻ.ഐ.എയെ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. അത്രയും ദിവസത്തെ ദൃശ്യങ്ങൾ പകർത്തി നൽകാനുള്ള ഹാർഡ് ഡിസ്ക് പക്കലില്ല. അതു വിദേശത്തുനിന്ന് കൊണ്ടുവരേണ്ടതുമുണ്ട്. ഇത്രയും ദൃശ്യങ്ങൾ പകർത്താൻ 400 ടി.ബി ഹാർഡ് ഡിസ്ക് വേണ്ടിവരും. അത്യാവശ്യമെങ്കിൽ എൻ.ഐ.എക്ക് സെക്രട്ടേറിയറ്റിലുള്ള സി.സി ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് നേരിട്ട് പരിശോധിക്കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ദിവസങ്ങൾക്കു മുമ്പ് ജൂലൈയിലെ ദൃശ്യങ്ങൾ എൻ.ഐ.എക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.