സ്വപ്‌ന സുരേഷ് സംഘ്പരിവാർ അനുകൂല എന്‍.ജി.ഒയുടെ ഡയറക്ടര്‍
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാർ അനുകൂല എന്‍.ജി.ഒയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) യില്‍ ഉയർന്ന പദവിയിൽ ജോലി. ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് നിയമനം. ഇക്കാര്യം എച്ച്.ആര്‍.ഡി.എസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണിത്. മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികൾ വഹിക്കുന്നത്.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. 'യു.എ.ഇയിലും കേരളത്തിലും നിരവധി പ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചു, ആത്മവിശ്വാസവും ദൃഢനിശ്ചയവുമുള്ള ഇവർ കർമനിരതയുമാണ്, സംഘടനയുടെ ലക്ഷ്യങ്ങൾ അതിന്റെ യഥാർഥ ചൈതന്യത്തിൽ വിഭാവനം ചെയ്യുന്നതിന് 100% പ്രതിജ്ഞാബദ്ധയാണ്, ലോകമെമ്പാടുമുള്ള സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള കാഴ്ചപ്പാട് സ്വപ്നയ്ക്കുണ്ട്, ജീവിതത്തിൽ പുഞ്ചിരി നഷ്‌ടപ്പെട്ടവർക്ക് അവളുടെ സാധ്യമായ ചെറിയ സംഭാവനകൊണ്ട് ഒരു പുഞ്ചിരി സമ്മാനിക്കുക എന്നതാണ് സ്വപ്നയുടെ ലക്ഷ്യം' എന്നിങ്ങനെ പോകുന്നു സ്വപ്നയെ പുകഴ്ത്തിയുള്ള കുറിപ്പ്. ഇവരുടെ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതിനെ തുടർന്നാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പങ്ക് വെളിച്ചത്തുവരുന്നത്. ജൂലൈ 11ന് ബംഗളൂരുവില്‍ നിന്നാണ് സ്വപ്ന അറസ്റ്റിലായത്. കാക്കനാട്, വിയ്യൂർ, അട്ടക്കുളങ്ങര വനിത ജയിലുകളിൽ ഒരുവര്‍ഷവും നാലു മാസവും തടവിൽ കഴിഞ്ഞു. തുടർന്ന് 2021 നവംബറിൽ ഇവർ മോചിതയായി.
സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐ.എ.എസിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥ പുറത്തുവന്ന ശേഷമാണ് സ്വപ്ന വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. പുസ്തകത്തിൽ സ്വപ്നക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണുണ്ടായിരുന്നത്. ഇതിനുപിന്നാലെ സ്വപ്‌ന സുരേഷ് ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നു. ഇതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനിടെയാണ് സംഘ്പരിവാർ അനുകൂല എൻ.ജി.ഒയിൽ ജോലി ലഭിച്ചിരിക്കുന്നത്.
സംഘടനയുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏറെ വിവാദമായിരുന്നു. അട്ടപ്പാടിയില്‍ പാട്ടകൃഷിയുടെ പേരില്‍ അനധികൃതമായി ആദിവാസി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ച് വിവാദത്തിലായ ഇവർ, മാനദണ്ഡങ്ങള്‍ പാലിക്കാതെ ആദിവാസികൾക്കായി ഗുണനിലവാരം കുറഞ്ഞ വീടുകൾ നിർമിച്ചതായും ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.